Crime News

വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: ഐ.ജി. റിപ്പോര്‍ട്ട് തേടി

Posted on: 03 Apr 2015


കോട്ടയം: പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ പ്ലസ്ടു വിദ്യാര്‍ഥിയെ ഗ്രേഡ് എസ്.ഐ., അമ്മയുടെ കണ്‍മുന്നില്‍ നെഞ്ചിനിടിച്ച സംഭവത്തില്‍ എറണാകുളം റേഞ്ച് ഐ.ജി. അജിത് കുമാര്‍ വിശദീകരണം തേടി. സംഭവം സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.ജി. ആവശ്യപ്പെടുകയായിരുന്നു. വ്യാഴാഴ്ചതന്നെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി ഐ.ജി.ക്ക് കൈമാറി. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗവും ഇതുസംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. നഴ്‌സിങ് വിദ്യാര്‍ഥിനിയെ കാണാതായെന്ന പരാതിയിലാണ് കോട്ടയത്തെ സ്‌കുളിലെ പ്ലസ്ടു വിദ്യാര്‍ഥിയെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. അമ്മയോടൊപ്പം സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥിയെ എസ്.ഐ. മുറിക്കുള്ളിലേക്ക് കൊണ്ടുപോയി നെഞ്ചിലിടിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുെന്നന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ കോടതിയില്‍നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവംസംബന്ധിച്ച് നേരത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടികളുണ്ടാകാഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് ഇതേ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.ക്കെതിരെ കേസെടുത്തു.

 

 




MathrubhumiMatrimonial