Crime News

വനിതാ പോലീസുകാരിയെ തള്ളിമാറ്റി പ്രതി സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു

Posted on: 03 Apr 2015


മുഹമ്മ: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാരിയെ തള്ളിമാറ്റിയ ശേഷം ഓടിരക്ഷപ്പെട്ടു.

മുഹമ്മ പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച രാവിലെ 5.30ഓടെയാണ് സംഭവം. കഞ്ഞിക്കുഴി അഞ്ചാം വാര്‍ഡില്‍ കോലോത്തുവെളി അരുണ്‍ (24) ആണ് രക്ഷപ്പെട്ടത്.

പാറാവുഡ്യൂട്ടിക്കുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ കവിത(35)യെ തള്ളിമാറ്റിയ ശേഷമാണ് അരുണ്‍ രക്ഷപ്പെട്ടത്. രാവിലെ മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അരുണിനെ സെല്ലില്‍നിന്ന് പുറത്തിറക്കി. പിന്നീട് വെള്ളം കുടിക്കണമെന്നായി. വെള്ളം കുടിക്കുന്നതിനിടയിലാണ് അരുണ്‍ രക്ഷപ്പെട്ടത്.

സംഭവത്തില്‍ പരിക്കേറ്റ കവിത, മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. ചെറുവാരണത്ത് സി.പി.എം. എസ്.എന്‍.പുരം ബ്രാഞ്ച് സെക്രട്ടറി സജീവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ അരുണിനെ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്.

അരുണ്‍ രക്ഷപ്പെടുമ്പോള്‍ മുഹമ്മ പോലീസ് സ്റ്റേഷനില്‍ മറ്റ് പോലീസുകാരാരും ജോലിക്കുണ്ടായിരുന്നില്ല.

 

 




MathrubhumiMatrimonial