
സേവനത്തിന് മറ്റൊരു പോലീസ് മാതൃകകൂടി
Posted on: 03 Apr 2015

മുളങ്കുന്നത്തുകാവില്‍ താമസിക്കുന്ന ഇന്ദു ഭര്‍ത്താവിനോടൊപ്പം വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലേക്ക് പ്രവൃത്തിക്ക് വരികയായിരുന്നു. കുറാഞ്ചേരിയിലെത്തിയപ്പോള്‍ മൊപ്പെഡ് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ട് ചോരയില്‍ മുങ്ങിക്കിടക്കുന്നു. തലേദിവസം പെയ്ത മഴവെള്ളം കെട്ടിനിന്നിടത്ത് കമിഴ്ന്നാണ് കിടന്നിരുന്നത്.
മുന്നില്‍പ്പോയ ഏതോ വാഹനം തട്ടിമറിഞ്ഞതാണെന്ന് സംശയം. അതുവഴി കടന്നുപോകുന്നവര്‍ കാഴ്ചകണ്ട് നോക്കിപ്പോകുന്നതല്ലാതെ രക്ഷാപ്രവര്‍ത്തനത്തിന് മുതിര്‍ന്നില്ല. ഭര്‍ത്താവ് ബാബുവിനോട് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ട് ധൈര്യപൂര്‍വ്വം അപകടസ്ഥലത്തുചെന്ന് ഇന്ദു വീണുകിടക്കുന്നയാളെ മലര്‍ത്തിക്കിടത്തി. അവിടെ നിന്നിരുന്ന പുരുഷന്മാരായ പലരോടും സഹായിക്കാന്‍കൂടാന്‍ ആവശ്യപ്പെട്ടെങ്കിലും ചെവികൊടുക്കാതെ അവര്‍ ഒഴിഞ്ഞുമാറി.
മഫ്തിയിലായിരുന്ന ഇന്ദു അവസാനം താന്‍ വനിതാ പോലീസാണെന്ന മേല്‍വിലാസം വെളിപ്പെടുത്തി. സമീപത്തെ വര്‍ക്ക്‌ഷോപ്പുകാരന്റെ സഹായം ഉറപ്പാക്കി. അവിടെയെത്തിയ ഓട്ടോറിക്ഷയില്‍ ഇന്ദു പരിക്കേറ്റയാളെ ഭര്‍ത്താവിന്റെയും വര്‍ക്ക്‌ഷോപ്പുകാരന്റെയും സഹകരണത്തോടെ കയറ്റി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കുതിച്ചു. അബോധാവസ്ഥയിലായിരുന്ന ശ്രീധരന്‍ യാത്രയ്ക്കിടയില്‍ ഓര്‍മ്മവന്നതോടെ പേരും വിലാസവും പറഞ്ഞു. ശ്രീധരന്റെ കൈവശമുണ്ടായിരുന്ന ഫോണിലെ ഭാര്യയുടെ നമ്പറില്‍ വിളിച്ച് അവരെ പരിഭ്രാന്തരാക്കാതെ കാര്യം ധരിപ്പിച്ചു.
മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ച് ചികിത്സാ സൗകര്യമൊരുക്കിയാണ് ചൂരിദാറെല്ലാം ചോരയില്‍ കുതിര്‍ന്ന ഇന്ദു അവിടെനിന്ന് മടങ്ങിയത്. അപകടമുഖത്തെ ഇന്ദുവിന്റെ ഇടപെടല്‍ സഹപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റി. കേരളാ പോലീസില്‍ എട്ടുവര്‍ഷമായി പ്രവൃത്തിയെടുക്കുന്ന പി.എന്‍. ഇന്ദു ഇപ്പോള്‍ ചെറുതുരുത്തി പോലീസ് സ്റ്റേഷനിലാണ്. പുതുരുത്തിയിലെ വ്യാപാരിയാണ് ശ്രീധരന്‍.
