
അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ട; കണ്ടെത്തിയത് 1500 കിലോ കഞ്ചാവ്
Posted on: 02 Apr 2015

പാലക്കാട്: അട്ടപ്പാടി അദിവാസിമേഖലയില്‍ കഞ്ചാവ് കൃഷി കണ്ടെത്തി. കടുക്മണ്ണ ആദിവാസി ഊരില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ മുക്കാലിത്തോടിന് പടിഞ്ഞാറുവശത്താണ് വന്‍തോതില്‍ കഞ്ചാവ് കൃഷിചെയ്തിരുന്നത്. നാല് മാസം പ്രായമായ നീലച്ചടയന്‍ ഇനത്തില്‍പ്പെട്ടതായിരുന്നു കഞ്ചാവ്. എക്‌സൈസ് ഇന്റലിജന്‍സ് വകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഞ്ചാവ് വേട്ട.
130ഓളം തടങ്ങളിലായി രണ്ടും മൂന്നു ചെടികളാണ് നട്ടിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. പൂവിരിഞ്ഞ് വെട്ടാന്‍ പാകത്തിലായിരുന്നു കഞ്ചാവ് ചെടികള്‍.

പോലീസും എക്‌സൈസും വനംവകുപ്പും ആന്റി ടെററിസ്റ്റ് സ്‌ക്വോഡും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കഞ്ചാവ് കണ്ടെത്തിയത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമായതിനാല്‍ ഇവിടെ കാര്യമായ പരിശോധന നടക്കാറുണ്ടായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് വന്‍തോതില്‍ കഞ്ചാവ് കൃഷി തുടങ്ങിയത്. 330 ചെടികളില്‍ നിന്നായി 1500 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ഇവ പോലീസ് നശിപ്പിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
