Crime News

ക്രൈം ബ്രാഞ്ചും പ്രതിയെ കണ്ടെത്തിയില്ല; കടശ്ശേരി ഇരട്ടക്കൊലപാതകത്തിന് നാലാണ്ട്‌

Posted on: 01 Apr 2015


കുന്നിക്കോട്: ഇളമ്പല്‍ കടശ്ശേരിയില്‍ അമ്മയെയും കുഞ്ഞിനെയും കഴുത്തുഞെരിച്ചുകൊന്ന ദാരുണസംഭവം നടന്നിട്ട് നാലാണ്ട് പിന്നിടുന്നു. സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭര്‍ത്താവാണെന്ന് തിരിച്ചറിഞ്ഞിട്ടും ഒളിവില്‍പോയ പ്രതിയെ പിടികൂടാന്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിനും സാധിച്ചില്ല. മകളുടെയും കൊച്ചുമകളുടെയും ഘാതകനെ കൈവിലങ്ങണിയിക്കാന്‍ കഴിയാത്തതിന്റെ വേദനയില്‍ ശിഷ്ടകാലം ഒറ്റപ്പെടലിലും വേദനയിലും തള്ളിനീക്കുകയാണ് കൊല്ലപ്പെട്ട യുവതിയുടെ അമ്മ രമാദേവി(65).

ഇളമ്പല്‍ കടശ്ശേരി രജിതാ ഭവനില്‍ രജിത(23), ഏകമകള്‍ രണ്ടര വയസ്സുകാരി നന്ദന എന്നിവരെ 2011 ഫിബ്രവരി 11ന് കടശ്ശേരിയിലെ കുടുംബവീട്ടിലാണ് കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കശുവണ്ടിത്തൊഴിലാളിയായ രമണി ഇരുവര്‍ക്കും ഭക്ഷം നല്‍കി ജോലിക്ക് പോയി വൈകിട്ട് ആറരയോടെ വീട്ടില്‍ മടങ്ങി എത്തിയപ്പോഴാണ് ഇരുവരും മരിച്ചനിലയില്‍ കണ്ടത്. അടുക്കളയിലും കിടപ്പുമുറിയിലുമായാണ് മൃതദേഹങ്ങള്‍ കിടന്നത്. ആഗ്രയില്‍ പഞ്ചകര്‍മ്മ നഴ്‌സായിരുന്ന രജിത മരിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് മകളുമായി തനിയെ നാട്ടിലേക്ക് മടങ്ങിയത്. ഭര്‍ത്താവ് എഴുകോണ്‍ സ്വദേശി അനില്‍ കുമാറിനൊപ്പമാണ് ആഗ്രയില്‍ താമസിച്ച് ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിലുള്ള കുടുംബവഴക്കിനെ തുടര്‍ന്നാണ് രജിത നാട്ടിലേക്ക് മടങ്ങിയത്. രജിതയക്ക് പിന്നാലെ നാട്ടിലേക്ക് മടങ്ങിയ ഭര്‍ത്താവ് അനില്‍കുമാര്‍ സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് കടശ്ശേരിയിലെ വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ടിരുന്നു.

സംഭവദിവസവും അനില്‍കുമാര്‍ കടശ്ശേരിയിലെ വീട്ടിലെത്തിയിരുന്നു. കൃത്യം നടത്തിയ ശേഷം നാട്ടുകാര്‍ക്ക് മുന്നിലൂടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. മൃതദേഹങ്ങളുടെ വായില്‍നിന്ന് നുരയും പതയുംവന്ന നിലയില്‍ കണ്ടെത്തിയതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പ്ലാസ്റ്റിക് കയര്‍ പോലീസ് കണ്ടെത്തി. പോസ്റ്റ് മോര്‍ട്ടത്തിലും കഴുത്തില്‍ കയര്‍മുറുക്കി കൊന്നതാണെന്ന് വ്യക്തമായിരുന്നു. കയര്‍മുറുകിയ പാടുകളും ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ യുവതിയുടെ ഭര്‍ത്താവ് അനില്‍കുമാര്‍ ഉടന്‍ പിടിയിലാകുമെന്ന പ്രതീതി ജനിപ്പിച്ചായിരുന്നു ആദ്യം പോലീസ് അന്വേഷം നടത്തിയത്. സംഭവശേഷം ഇയാള്‍ എത്തിയ സ്ഥലങ്ങളിലും മണിക്കൂറുകള്‍ക്കകം പോലീസ് എത്തിയിരുന്നു. എന്നാല്‍ പിന്നീട് പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചതുമില്ല.

അന്വേഷണം വഴിമുട്ടിയതോടെ 2011 ജൂണില്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ച രമണി കശുവണ്ടി ഫാക്ടറിയില്‍ തൊഴില്‍ ചെയ്താണ് ഉപജീവനം നടത്തുന്നത്. ഇക്കാരണത്താല്‍ അന്വേഷണത്തിന് പിന്നാലെ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. പ്രദേശത്തെ പൊതുപ്രവര്‍ത്തകന്‍ പി.സി.കുഞ്ഞപ്പിയുടെ നേതൃത്വത്തില്‍ ഇടപെടീല്‍ നടത്തിയതിനെ തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ച് അന്വേഷണംവരെ എത്തിയത്. ഏക മകളുടെയും കുട്ടിയുടെയും കൊലയാളി പിടിയിലാകുമ്പോള്‍ ഈ കൊടുംപാതകം എന്തിന് ചെയ്‌തെന്ന് മകനായി കണ്ട മരുമകനോട് മരിക്കും മുമ്പ് ചോദിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ.


 

 




MathrubhumiMatrimonial