Crime News

15 ലക്ഷത്തിന്റെ സ്വര്‍ണമാലകളുമായി വിമാനയാത്രക്കാരന്‍ പിടിയില്‍

Posted on: 31 Mar 2015


തിരുവനന്തപുരം: പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 15 ലക്ഷം രൂപയുടെ രണ്ട് സ്വര്‍ണമാലകളുമായി വിമാനയാത്രക്കാരന്‍ പിടിയിലായി. കണ്ണൂര്‍

സ്വദേശി റഹീമിനെ (27) ആണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി ചൈന്നെയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ്.
ഷാര്‍ജ-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ വിമാനത്തില്‍ സ്വര്‍ണം കടത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് അധികൃതര്‍ വിമാനത്തിലെത്തി യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ പരിശോധിക്കുകയായിരുന്നു. 250 ഗ്രാം വീതമുള്ള രണ്ട് മാലകള്‍ പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞാണ് കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തെത്തി പിന്നീട് ചെന്നൈയിലേക്ക് പോകുന്ന വിമാനമാണിത്.

ചെന്നൈയില്‍ ഇറങ്ങേണ്ട യാത്രക്കാരനായതിനാല്‍ തിരുവനന്തപുരത്ത് വെച്ച് പിടികൂടാനാവില്ല. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഇയാള്‍ക്കൊപ്പം ചൈന്നെയിലേക്ക് പോകുകയായിരുന്നു. റഹീമിനെ പിടികൂടി ചെന്നൈ കസ്റ്റംസ് അധികൃതരെ ഏല്‍പ്പിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് എ.സി.മാരായ രാകേഷ് ബദാദിയ, എസ്.എല്‍. പാര്‍വതി, സൂപ്രണ്ടുമാരായ ജയിംസ് പി.ജോര്‍ജ്, സുലേഖ, എയര്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരായ യു.ആര്‍. ഷിബു, ശിവരാജന്‍, അരവിന്ദ് കുമാര്‍ കാജില, ശിവരാജന്‍ എന്നിവരാണ് പരിശോധന നടത്തിയത്.

 

 




MathrubhumiMatrimonial