Crime News

യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ വ്യാജസിദ്ധന്‍ അറസ്റ്റില്‍

Posted on: 31 Mar 2015


തിരൂര്‍: മന്ത്രവാദത്തിനായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതില്‍ മനംനൊന്ത് യുവതി തൂങ്ങിമരിച്ചസംഭവത്തില്‍ സിദ്ധനെ പോലീസ് അറസ്റ്റുചെയ്തു.

പുറത്തൂര്‍ കളൂരിലെ പാലക്കവളപ്പില്‍ ശിഹാബുദ്ദീനെ (29)യാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് പോലീസ് അറസ്റ്റുചെയ്തത്. താനൂര്‍ പൂരപ്പുഴയില്‍നിന്ന് ശിഹാബുദ്ദീനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ മര്‍ച്ച് 13-നാണ് തലക്കടത്തൂര്‍ കോടനിയില്‍ ജസീന ആത്മഹത്യചെയ്തത്.

ഓട്ടോഡ്രൈവറായിരുന്ന ശിഹാബ് സിദ്ധന്‍ചമഞ്ഞ് സൗഹൃദംസ്ഥാപിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിത്തരാമെന്നുപറഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങി. സ്വര്‍ണാഭരണംകൊണ്ട് പ്രത്യേക കര്‍മങ്ങള്‍ ചെയ്യാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വാങ്ങിയത്. തുടര്‍ന്ന് അവരുടെ വീട്ടിലെത്തി മന്ത്രവാദംനടത്തി സ്വര്‍ണാഭരണം പെട്ടിയിലാക്കി വീടിനടുത്ത് കുഴിച്ചിട്ടുവെന്നുധരിപ്പിച്ച് സ്വര്‍ണം കൈക്കലാക്കുകയായിരുന്നു.
ഒട്ടേറെ സ്ത്രീകളില്‍നിന്നായി വന്‍തോതില്‍ സ്വര്‍ണാഭരണം തട്ടിയെടുത്തതിന്റെപേരില്‍ ശിഹാബുദ്ദീനെ നേരത്തെതന്നെ തിരൂര്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ജാമ്യത്തിലിറങ്ങിയതയിരുന്നു.

സ്വര്‍ണാഭരണം സിദ്ധന്‍ കൈക്കലാക്കിയതായി ജസീനയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കുകയും അന്വേഷണത്തില്‍ ശിഹാബ് പിടിയിലാവുകയുമായിരുന്നു.

എന്നാല്‍ നാട്ടുകാര്‍ തന്നെ മര്‍ദിച്ചുവെന്ന് ശിഹാബ് ആരോപിച്ചു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാസ്പത്രിയില്‍ ചികിത്സയിലാണ്.

പോലീസ് അറസ്റ്റുചെയ്ത ശിഹാബിനെ കുന്നമംഗലം മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളേജാസ്പത്രിയിലെത്തി റിമാന്‍ഡ് ചെയ്തു. ഇയാളെ ചൊവ്വാഴ്ച കോഴിക്കോട് ജില്ലാജയിലിലേക്ക് മാറ്റും.

 

 




MathrubhumiMatrimonial