
ബൈക്കുകള്‍ മോഷ്ടിച്ചു കടത്തുന്ന എട്ടംഗ സംഘം അറസ്റ്റില്‍
Posted on: 30 Mar 2015
അറസ്റ്റിലായവരില്‍ ആറ് വിദ്യാര്‍ഥികളും
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലും സമീപസ്ഥലങ്ങളിലും കറങ്ങിനടന്ന് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
തഴവ കടത്തൂര്‍ മൂര്‍ത്തി അയ്യത്ത് നിയാസ് (23), തഴവ സജിദ് മന്‍സില്‍ സജീദ് (19) എന്നിവരും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ മറ്റ് ആറു പേരുമാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി എ.സി.പി. കെ.ആര്‍. ശിവസുതന്‍ പിള്ള, സി.ഐ. കെ.എ.വിദ്യാധരന്‍ എന്നിവര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എസ്.ഐ. വൈ.മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തഴവ സ്വദേശി രഞ്ചിത്കുമാറിന്റെ ബൈക്ക് ദിവസങ്ങള്‍ക്ക് മുമ്പ് മോഷണം പോയിരുന്നു. ഈ ബൈക്കുമായി കറങ്ങിനടന്ന തഴവ സ്വദേശിയായ വിദ്യാര്‍ഥിയെ പിടികൂടിയപ്പോഴാണ് ബൈക്ക് മോഷണ സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ അറസ്റ്റിലാകുന്നത്.
കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പാര്‍ക്കിങ് സ്ഥലത്തുനിന്ന് കുലശേഖരപുരം കോട്ടയ്ക്കുപുറം സ്വദേശി സുദര്‍ശനന്റെ ബൈക്കും തൊടിയൂര്‍ കുന്നിക്കോട് സ്വദേശി അജയന്‍ പിള്ളയുടെ ബൈക്കും ഇടക്കുളങ്ങര സ്വദേശി വിശ്വസേനന്‍ പിള്ളയുടെ കാര്‍ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കും പുതിയകാവിലെ ഒരു കാര്‍ ഷോറൂമിന് മുന്നില്‍ വച്ചിരുന്ന തൊടിയൂര്‍ സ്വദേശി വിഷ്ണുരാജിന്റെ ബൈക്കും മോഷണം പോയിരുന്നു.
മോഷണം പോയ ബൈക്കുകള്‍ പ്രതികളുടെ പക്കല്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. പല സ്ഥലങ്ങളിലായി കറങ്ങി നടക്കുന്ന മോഷണസംഘം ബൈക്കുകള്‍ നോക്കിവയ്ക്കുകയും പിന്നീട് അപഹരിക്കുകയുമാണ് പതിവ്. സ്വന്തം ബൈക്കാണ് എടുക്കുന്നത് എന്ന രീതിയിലാണ് ബൈക്കുകള്‍ മോഷ്ടിക്കുന്നത്. ബൈക്കുകളുടെ ലോക്ക് അഴിക്കുന്നതിനുള്ള വിദ്യകളും ഇവര്‍ക്ക് വശമുണ്ട്. മോഷ്ടിക്കുന്ന ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഇളക്കിമാറ്റി വ്യാജനമ്പര്‍ പതിക്കുകയും പൈട്ടന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ബൈക്കില്‍ കേടുപാടുകള്‍ വരുത്തുകയും വേറെ പെയിന്റ് അടിക്കുകയും ചെയ്യും.
ഈ ബൈക്കുകള്‍ പിന്നീട് വില്‍ക്കുകയാണ് പതിവ്. മോഷണം, സ്പിരിറ്റ് കടത്ത് തുടങ്ങി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് ഇവരുടെ പക്കല്‍നിന്ന് ബൈക്കുകള്‍ വാങ്ങുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്ളതായും അവരും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് പറയുന്നു. എ.എസ്.ഐ. ജി.രമേഷ്, എസ്.സി.പി.ഒ.മാരായ പ്രസന്നകുമാര്‍, നിക്‌സന്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
