Crime News

കോടികളുടെ തട്ടിപ്പ് നടത്തിയ അഞ്ചല്‍ സ്വദേശി റിമാന്‍ഡില്‍

Posted on: 30 Mar 2015


ചടയമംഗലം: കുട്ടനാട് പാക്കേജിന്റ പേരില്‍ നിരവധിയാളുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ കരാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ അലയമണ്‍ സൗപര്‍ണികയില്‍ എ.കെ.രാമചന്ദ്രനാണ് കഴിഞ്ഞദിവസം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പോലീസ് പിടിയിലായത്. പലരില്‍നിന്നായി പണം തട്ടിയ ശേഷം ഇയാള്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. വെള്ളിയാഴ്ച എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ കടയ്ക്കല്‍ സി.ഐ. ബി.ഹരികുമാറിന്റ നേതൃത്വത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പിന്നീട് കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി തിങ്കളാഴ്ച ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. നിരവധി വാറന്‍റ് കേസുകളിലും പ്രതിയാണ്. കുറച്ചുകാലം സുവിശേഷകനായി നടന്ന് ആളുകളുമായി അടുപ്പം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. ആയൂര്‍ ഗ്രേസ് വില്ലയില്‍ ജോണ്‍ പണിക്കര്‍, വയയ്ക്കല്‍ കമ്പംകോട്, വടക്കേക്കര പുത്തന്‍ വീട്ടില്‍ റോസമ്മ, ഇളമാട് പുളിയറ വീട്ടില്‍ ബൈജു, അഞ്ചല്‍ സ്വദേശികളായ പ്രഭാകരന്‍, രഞ്ജിത്, ശ്യാം, ദിനേശ് എന്നിവരില്‍നിന്ന് ഇയാള്‍ പണവും വസ്തുവും തട്ടിയെടുത്തിട്ടുണ്ട്.

നേരത്തേ ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കുട്ടനാട് പാക്കേജിന്റ കരാര്‍ കാട്ടിയശേഷം ബില്‍ മാറുമ്പോള്‍ വാങ്ങുന്ന പണവും പാക്കേജിന്റെ ലാഭവിഹിതവും നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇരുപതോളം പേരുടെ കിടപ്പാടവും വസ്തുവും വരെ കൈക്കലാക്കി അമിത പലിശയ്ക്ക് സ്വകാര്യ ബാങ്കുകളില്‍ പണയം വച്ചാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. വാടകയ്‌ക്കെടുത്ത കാറുകള്‍ ഈടുവെച്ചും പണം തട്ടിയതായി പറയുന്നു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കും കബളിപ്പിക്കപ്പെട്ടവര്‍ പരാതി നല്‍കിയിരുന്നു. അഞ്ചല്‍, പുനലൂര്‍, കടയ്ക്കല്‍, ചടയമംഗലം, വയനാട്, അങ്കമാലി എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ പോലീസ് കേസുണ്ട്. രാമചന്ദ്രന്‍ പോലീസ് കസ്റ്റഡിയിലായതറിഞ്ഞതോടെ ഒട്ടേറെ പേര്‍ വഞ്ചിക്കപ്പെട്ട കഥകളാണ് പുറത്തുവരുന്നത്.

 

 




MathrubhumiMatrimonial