Crime News

മുത്തൂറ്റ് കോവളം ശാഖയില്‍ മുക്കാല്‍ കോടിയുടെ കവര്‍ച്ച; ബംഗാള്‍ സ്വദേശികളുള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Posted on: 30 Mar 2015


കോവളം: മുത്തൂറ്റ് ഫിനാന്‍സിന്റെ കോവളം ശാഖയില്‍ മുക്കാല്‍ കോടിരൂപയുടെ കവര്‍ച്ച. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബംഗാളി സ്വദേശികളടക്കം നാലുപേര്‍ പിടിയിലായതായി സൂചനയുണ്ട്. കവര്‍ച്ച നടത്തിയവരും ഇവരെ സഹായിച്ചവരുമാണ് പിടിയിലായത്. കവര്‍ച്ചക്കാര്‍ക്ക് ഗ്യാസ് കട്ടര്‍ നല്‍കിയവരും പിടിയിലായിട്ടുണ്ട്.

ബംഗാളികള്‍ വാടകയ്ക്ക് താമസിച്ച വീട് പോലീസ് കണ്ടെത്തി. ഇവരില്‍ ഒളിവിലായ ചിലരെ പോലീസ് തിരയുന്നുണ്ട്. ശനിയാഴ്ച രാത്രിയില്‍ നടന്ന മോഷണത്തില്‍ എഴുപത് ലക്ഷത്തില്‍പരം വിലവരുന്ന സ്വര്‍ണവും ഒരു ലക്ഷത്തി അറുപതിനായിരം രൂപയും മോഷ്ടിക്കപ്പെട്ടതായി പോലീസ് അറിയിച്ചു.

തൊണ്ടിമുതല്‍ കണ്ടെടുക്കാനായിട്ടില്ല. കോവളം ജങ്ഷനിലെ സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സ് കെട്ടിടത്തിന്റെ ജനല്‍ കമ്പി മുറിച്ചാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. അകത്തെ മുറിയില്‍ പ്ലൈവുഡ് ഷീറ്റുകൊണ്ട് വേര്‍തിരിച്ച നിലയില്‍ സൂക്ഷിച്ചിരുന്ന ലോക്കര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് ആഭരണങ്ങളും പണവും കവര്‍ന്നത്. ഗ്യാസ് കട്ടറിന്റെ വെളിച്ചം പുറത്ത് കാണാതിരിക്കാന്‍ തുണിയുപയോഗിച്ച് എയര്‍ഹോള്‍ അടച്ച നിലയിലായിരുന്നു.

സെക്യൂരിറ്റി അലാറത്തിന്റെ കേബിളുകള്‍ വിച്ഛേദിച്ച ശേഷമായിരുന്നു മോഷണം. സ്ഥാപനത്തില്‍ സെക്യൂരിറ്റി കാമറയില്ലാതിരുന്നതും ചുറ്റുപാടും വിജനമായ പറമ്പായിരുന്നതും മോഷ്ടാക്കള്‍ക്ക് സഹായകരമായി.

നാല് ഓക്‌സിജന്‍ സിലിണ്ടറുകള്‍, രണ്ട് കമ്പി പാരകള്‍, രണ്ട് ചെറിയ ഗ്യാസ് സിലിണ്ടറുകള്‍, ഇരുന്പ് കട്ടര്‍, രണ്ട് സെറ്റ് ഗ്യാസ് കട്ടറുകള്‍, വലുതും ചെറുതുമായ ആറ് സ്‌ക്രൂ ഡ്രൈവറുകള്‍, ഇരുമ്പ്, ഉളി എന്നീ കവര്‍ച്ച നടത്താനുപയോഗിച്ച ഉപകരണങ്ങളും മദ്യത്തിന്റെയും മിനറല്‍ വാട്ടറിന്റെയും ഒഴിഞ്ഞ കുപ്പികളും ഒരുകവര്‍ ബിസ്‌ക്കറ്റും സമീപത്തെ വിജനമായ പറമ്പില്‍നിന്ന് പോലീസ് കണ്ടെടുത്തു.

സമീപത്തെ മതിലില്‍ കണ്ടെത്തിയ രക്തക്കറ മോഷ്ടാക്കളുടേതാണന്ന് പോലീസ് സംശയിക്കുന്നു. ഞായറാഴ്ച അവധി ദിവസമാണങ്കിലും സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പതിവ് സന്ദര്‍ശനത്തിന് എത്തിയ ജീവനക്കാരാണ് മോഷണവിവരം പോലീസിനെ അറിയിച്ചത്.

വിവരമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, ഡി.സി.പി. ജോര്‍ജ് സ്‌കറിയ, ഫോര്‍ട്ട് എ.സി. സുധാകരപിള്ള, കണ്‍ട്രോള്‍ റൂം എ.സി. സുരേഷ്‌കുമാര്‍, തുടങ്ങി വിവിധ സ്റ്റേഷനുകളിലെ ഉന്നത ഉദ്യോഗസ്ഥരും കൂടാതെ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

 

 




MathrubhumiMatrimonial