Crime News

അഗളിയില്‍ ബെന്നിയുടെ വെടിയേറ്റ് മരണം -കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

Posted on: 30 Mar 2015


അഗളി: ചിണ്ടക്കി കുമ്പളമലഭാഗത്ത് സുഹൃത്തിനൊപ്പം മീന്‍പിടിക്കാന്‍പോയ ചിന്നപ്പറമ്പ് സ്വദേശി ബെന്നി ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റുമരിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.

ഇതിനുള്ള പ്രാഥമികനടപടി ആരംഭിച്ചതായി അഗളിപോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബോബിന്‍മാത്യു പറഞ്ഞു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ജില്ലാ പോലീസ് മേധാവിവഴി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചതായും ഇദ്ദേഹം പറഞ്ഞു.

ഫിബ്രവരി 12ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്ത് ഷെല്ലിക്കൊപ്പമാണ് ബെന്നി വിജനമായ പ്രദേശത്ത് ഭവാനിപ്പുഴയില്‍ മീന്‍പിടിക്കാന്‍ പോയത്. ഇവിടെ നിന്ന് വലത്തെ തുടയില്‍ വെടിയേറ്റ ഇയാള്‍ രക്തംവാര്‍ന്ന് മരിക്കയായിരുന്നു. മാവോവാദികളാണ് വെടിവെച്ചതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, കൃത്യമായ തെളിവ് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ബെന്നിക്ക് പോലീസ് സംഘത്തിന്റെ വെടിയേറ്റതാവാമെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ബെന്നിക്ക് വെടിയേറ്റദിവസം രാത്രി സായുധസേനയിലെ ഒരാള്‍ കോട്ടത്തറ ആസ്പത്രിയില്‍ വെടിയേറ്റ ഒരാള്‍ അഡ്മിറ്റായോ എന്നന്വേഷിച്ചുചെന്ന വിവരം അറിഞ്ഞതായി കേരളകോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് വി.ഡി. ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബെന്നിയുടെ കൊലപാതകികളെ കണ്ടെത്തണമെന്നും കുടുംബത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍കമ്മിറ്റി രൂപവത്കരിച്ചെങ്കിലും ഇതിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലാണ്. രക്തസമ്മര്‍ദംമൂലം ഒരുഭാഗം തളര്‍ന്ന ബെന്നിയുടെ അമ്മയ്‌ക്കൊപ്പം ഭാര്യയും രണ്ടുവയസ്സുള്ള മകനും വീഴാറായ കുടിലില്‍ കഴിയുകയാണ്.

ലോക്കല്‍പോലീസിന് എഫ്‌.െഎ.ആറില്‍ പ്രതിപ്പട്ടികചേര്‍ക്കാനുള്ള പ്രാഥമികവിവരങ്ങള്‍പോലും ചേര്‍ക്കാനായിട്ടുമില്ല.

 

 




MathrubhumiMatrimonial