goodnews head

മണ്ണിലും മനസ്സിലും ഹരിതാഭ പകര്‍ന്ന സീനിന് അംഗീകാരം

Posted on: 29 Mar 2015



വടകര: പ്രകൃതിയുടെ മടിത്തട്ടില്‍ കിടന്ന് പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും അമൃതേത്തൊരുക്കിയ മുടപ്പിലാവില്‍ സീന്‍ പബ്ലിക് സ്‌കൂളിന് മാതൃഭൂമി സീഡിന്റെ അംഗീകാരനിറവ്.

വടകര വിദ്യാഭ്യാസ ജില്ലയിലെ സീഡ് ഹരിതവിദ്യാലയ പുരസ്‌കാരമാണ് സീനിനെത്തേടിയെത്തിയത്. ഈ സ്‌കൂളിലെ സീഡ് കോഓര്‍ഡിനേറ്റര്‍ ലീന രാജേന്ദ്രന്‍ ബെസ്റ്റ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരവും നേടി. പ്രാദേശിക പരിസ്ഥിതിസംരക്ഷണം, ഊര്‍ജസംരക്ഷണം, കാര്‍ഷിക പ്രവര്‍ത്തനം, പ്ലാസ്റ്റിക് പുനരുപയോഗം, ജീവകാരുണ്യപ്രവര്‍ത്തനം, കുടിവെള്ളപദ്ധതി തുടങ്ങി നാട്ടുകാര്‍ക്കും പ്രകൃതിക്കും താങ്ങാകുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് സീന്‍ സ്‌കൂള്‍ സീഡ് വഴി നടപ്പാക്കിയത്.

കൃഷിയില്‍ സീഡ് പോലീസ് ഇവിടെ വിളയിച്ചത് നൂറുമേനിയാണ്. ചീര, വെണ്ട, പടവലം, പാവല്‍ തുടങ്ങിയ പച്ചക്കറികള്‍ വിഷം തീണ്ടാതെ വളര്‍ത്തിയപ്പോള്‍ അത് സ്‌കൂള്‍ കാന്റീനിലേക്കുള്ള നല്ല ഭക്ഷണമായി. വാഴക്കുലകള്‍, മാമ്പഴം, ചാമ്പക്ക, പപ്പായ, സപ്പോട്ട, ഉറുമാമ്പഴം, മധുരനാരങ്ങ എന്നിവയും മലമുകളില്‍ വിളയിച്ചു. മത്സ്യം വളര്‍ത്താന്‍ കുഴിച്ച കുളത്തെ പക്ഷികള്‍ക്ക് കുടിക്കാനും കുളിക്കാനുമുള്ള കേന്ദ്രമാക്കി ജീവജാലങ്ങളോടുള്ള ഐക്യദാര്‍ഢ്യവും ഇവര്‍ പ്രഖ്യാപിച്ചു. ഐസ്‌ക്രീം ബോളുകളാല്‍ കുഞ്ഞുറികള്‍ തീര്‍ത്ത് ഇതിലും ജീവജാലങ്ങള്‍ക്കായി വെള്ളം നിറച്ചു. സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പത്തായക്കുന്നില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ച് തണലൊരുക്കി.

സ്‌കൂളിലും കുട്ടികളുടെ വീടുകളിലുമെത്തുന്ന പ്ലാസ്റ്റിക് കവറുകള്‍ ശേഖരിച്ച് കരകൗശലവസ്തുക്കളും പരവതാനിയും വരെ നിര്‍മിച്ച് അത്ഭുതം തീര്‍ത്തിട്ടുണ്ട് ഇവര്‍. കൂടാതെ പേപ്പര്‍ ബാഗുകളും നിര്‍മിച്ചുനല്‍കി. ലവ് പ്ലാസ്റ്റിക് പദ്ധതിയിലും പങ്കാളികളായി. ജീവകാരുണ്യരംഗത്ത് വേറിട്ട പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. പിറന്നാള്‍ ആഘോഷിക്കാന്‍ കുട്ടികള്‍ ചെലവഴിക്കുന്ന തുകയാണ് ജീവകാരണ്യഫണ്ടിലേക്ക് മാറ്റിവെക്കുന്നത്. ഇങ്ങനെ സ്വരൂപിച്ച തുക ജനവരി ഒന്നിന് വടകര തണല്‍ അഗതിമന്ദിരത്തിലെത്തിയ സീഡ് പോലീസും അധ്യാപകരും തണല്‍ അധികൃതരെ ഏല്പിച്ചു. തിരുവള്ളൂര്‍ ഇല്ലിമുക്കില്‍ 34 കുടുംബങ്ങള്‍ക്ക് കുടിവെള്ളമൊരുക്കിയതാണ് മറ്റൊരു നേട്ടം. സീഡ് റിപ്പോര്‍ട്ടര്‍ മറിയം ഷെര്‍ഫിനയും കുടുംബവുമാണ് ഇതിന് വഴിയൊരുക്കിയത്. സഹായമെത്തിയതാകട്ടെ ദുബായില്‍നിന്ന്. കുടിവെള്ളപദ്ധതിക്കായി 13 ലക്ഷം രൂപ നല്‍കിയ ശൈഖ് അബ്ദുള്‍ റസാഖ് തന്നെ ഈ പദ്ധതി ലോകജലദിനത്തില്‍ നാടിന് സമര്‍പ്പിച്ചു. അങ്ങനെ സീനിന്റെ സീഡ് പെരുമ കടലും കടന്നു.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായ പിന്തുണനല്‍കിയാണ് ലീന രാജേന്ദ്രന്‍ ബെസ്റ്റ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ പുരസ്‌കാരം നേടിയത്. പ്രിന്‍സിപ്പല്‍ കെ. സതീശന്‍, മാനേജര്‍ കെ. ബാലന്‍ എന്നിവരുടെയും സീഡ് പോലീസ് അംഗങ്ങളുടെയും ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഈ വിജയങ്ങളുടെ പിന്നില്‍. അടുത്തവര്‍ഷം ഔഷധസസ്യത്തോട്ടവും ബൊട്ടാണിക് ഗാര്‍ഡനും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സീഡ് പോലീസ് സേന.

 

 




MathrubhumiMatrimonial