
നിഷ്‌കളങ്കത ചൂഷണംചെയ്യാന്‍ സെക്‌സ്‌റാക്കറ്റും?
Posted on: 29 Mar 2015
എസ്.എസ്. സുമേഷ്‌കുമാര്‍
നീലയില്‍ കുരുങ്ങുന്ന ബാല്യങ്ങള്‍ 2


തെറ്റിന്റെ വഴികളിലേയ്‌ക്കെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ എങ്ങനെ വര്‍ധനവുണ്ടാകുന്നു... ആ ചോദ്യം ചെന്നെത്തുന്നത് വിദ്യാര്‍ഥികള്‍ക്കായി വലവിരിച്ച് കാത്തുനില്‍ക്കുന്ന സെക്‌സ്‌റാക്കറ്റുകളിലേക്കാണ്. പിഞ്ചുകുഞ്ഞുങ്ങളെവരെ ലൈംഗികമായി പീഡിപ്പിക്കുകയും അതുപോലും കച്ചവടത്തിനായി ഉപയോഗിക്കുകയുംചെയ്യുന്ന ഒരു അധോലോകം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ തെറ്റല്ല, അത് പണസമ്പാദനത്തിനുള്ള വഴികൂടിയാണെന്ന് പഠിപ്പിക്കുകയാണവര്‍. നിറങ്ങളില്‍ മനസ്സുടക്കുന്ന ബാല്യത്തിന് എല്ലാറ്റിനുമൊടുവില്‍ ദുരിതങ്ങളുടേതായ ഒരു അവസ്ഥ കാത്തിരിക്കുന്നുവെന്ന് പറഞ്ഞുകൊടുക്കാനാരുമില്ലാത്ത അവസ്ഥയാണ്. ചതിയുടെ കച്ചവടവഴികള്‍ തെളിയുന്നതിങ്ങനെയാണ്.
കച്ചവടത്തിന്റെ പ്രകൃതിവിരുദ്ധ പാഠങ്ങള്‍
മാളസങ്ങള്‍ക്കുമുമ്പാണ്, കോഴിക്കോട്ടുനിന്നുള്ള രണ്ട് ഹൈസ്‌കൂള്‍വിദ്യാര്‍ഥികള്‍ മലപ്പുറത്തുവെച്ചു പിടിയിലായി. പ്രകൃതിവിരുദ്ധപീഡനത്തിനായി എത്തിച്ചതായിരുന്നു ഇവരെ. വാട്‌സ്ആപ്പുവഴി പരിചയപ്പെട്ട പൊന്മള സ്വദേശിയാണ് കുട്ടികളെ ഇവിടേയ്‌ക്കെത്തിച്ചത്. ആയിരംരൂപ വിദ്യാര്‍ഥികള്‍ക്കും 500 രൂപ ഏജന്റിനുമെന്നതായിരുന്നു കരാര്‍. പ്രതിയെ അറസ്റ്റുചെയ്ത് ചോദ്യംചെയ്തതില്‍നിന്ന് അഞ്ചാമത്തെ വിദ്യാര്‍ഥിയാണ് ഈ കണ്ണിയില്‍പ്പെട്ടതെന്ന് തെളിഞ്ഞു. ഇരയാകുന്നവര്‍ കൂടുതല്‍പേരെ ഇതിലേക്ക് ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. വലമുറിച്ച് രക്ഷപ്പെടാനും ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന റാക്കറ്റ് അനുവദിക്കില്ല. എല്‍.പി തലംമുതല്‍ ബിരുദംവരെയുള്ള വിദ്യാര്‍ഥികള്‍ ലൈംഗികമായ ചൂഷണത്തിനിരയായിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സ്‌കൂള്‍പരിസരത്തെ മൊബൈല്‍ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചുള്ള അശ്ലീലക്ലിപ്പുകളുടെ കച്ചവടവും പ്രശ്‌നംസൃഷ്ടിക്കുന്നുണ്ട്. മുപ്പതുരൂപമുതലാണ് പകര്‍ത്തിനല്‍കുന്നതിന് ഈടാക്കുന്നത്. കുട്ടി ഇത് സഹപാഠികള്‍ക്ക് പങ്കുവെക്കുന്നതിനും തുക ഈടാക്കും. കാടാമ്പുഴയില്‍ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികളില്‍നിന്ന് പിടികൂടിയ അശ്ലീലചിത്രങ്ങളുടെ ഉറവിടം ഒരു മൊബൈല്‍ഫോണ്‍ കടയായിരുന്നു. അവിടെനടത്തിയ പരിശോധനയില്‍ നൂറുകണക്കിന് വീഡിയോക്‌ളിപ്പുകളാണ് ലഭിച്ചത്. ഈ നീലദൃശ്യങ്ങള്‍ ബന്ധങ്ങളുടെ അതിര്‍വരമ്പുകള്‍ കുട്ടിയുടെമുന്നില്‍ മായ്ച്ചുകളയുകയാണ്. അതിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ ഏറെയാണ്.
സമവാക്യങ്ങള്‍ മാറ്റിയെഴുതുന്ന സഹപാഠി
ടീച്ചര്‍.. ആ കുട്ടി ശരിയല്ല..' 'വല്ലാത്ത നോട്ടമാണ്..' 'ക്‌ളാസിലിരുന്ന് വൃത്തികെട്ട പടം കാണാറുണ്ട് അവര്‍.'.. സ്‌കൂള്‍വിദ്യാര്‍ഥിനികളുമായി ഇടപെടുമ്പോള്‍ ചിലപ്പോഴൊക്കെ ലഭിക്കുന്ന മറുപടികളാണ്. വഴിയോരത്തും ബസുകളിലും തുറിച്ചുനോട്ടവും കമന്റുകളും കേട്ട് മനസ്സുനൊന്ത് ക്‌ളാസിലെത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് വഴിതെറ്റുന്ന സഹപാഠികളില്‍നിന്നുള്ള സമീപനവും വേദനയുണ്ടാക്കുന്നുണ്ട്. അടുത്തകാലത്ത് നടന്നൊരുസംഭവം ഇങ്ങനെയാണ്: പഠനത്തില്‍ മുന്നിലായിരുന്ന ഒരു വിദ്യാര്‍ഥിനി പെട്ടെന്ന് ഉള്‍വലിയുന്നത് വീട്ടുകാര്‍ ശ്രദ്ധിച്ചു. സഹപാഠി അവള്‍ ക്‌ളാസിലിരിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയെന്നതായിരുന്നു വിഷാദത്തിന് കാരണം. അവളുടെ സമാധാനം നഷ്ടമാവുകയായിരുന്നു. ആരോപണവിധേയനായ വിദ്യാര്‍ഥിയെ ചോദ്യംചെയ്യുകയും മൊബൈല്‍ഫോണ്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍ ഒന്നും കണ്ടെത്താനും കഴിഞ്ഞില്ല. ക്‌ളാസ്മുറികളിലും തുറന്നുെവച്ച ക്യാമറകള്‍ തങ്ങള്‍ക്കുനേരെ വരുന്നത് പെണ്‍കുട്ടികളുടെ സ്വസ്ഥതകെടുത്തുന്നുണ്ട്. അത് അവരുടെ പഠനത്തെയും ചിന്തകളെയും സ്വാധീനിക്കുന്നുമുണ്ട്.
വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അവന്‍ വീടിനെക്കാളും കൂടുതല്‍സമയം ചെലവിടുന്നത് ക്‌ളാസ്മുറികളിലാണ്. വീട്ടിലെ അംഗത്തിനെപ്പോലെ സഹപാഠികളെ കാണുന്ന ആഒരു രീതിയും മാറുന്നത് ആശങ്കയ്ക്കിടയാക്കുന്നു.
ഭീഷണിയുയര്‍ത്തുന്ന 'ലോക്കല്‍ചേട്ടന്മാര്‍'
സ്‌കൂളിനുപരിസരത്തെ ശല്യക്കാര്‍ വിദ്യാര്‍ഥിനികളെ വരുതിയിലാക്കാനും ഉപയോഗിക്കുന്നത് സഹപാഠികളെയാണ്. ഫോണ്‍നമ്പരുകളും വിവരങ്ങളും അവര്‍ക്കുലഭിക്കുന്നു. വിളികളും ശല്യപ്പെടുത്തലുകളും തുടങ്ങുകയായി. അധ്യാപകരെയും രക്ഷിതാക്കളെയും തക്കസമയത്ത് വിവരമറിയിച്ച് രക്ഷപ്പെടുന്നവരുണ്ട്. എന്നാല്‍ വീട്ടിലെ അരക്ഷിതാവസ്ഥയില്‍നിന്നും പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാനായി പുറത്തെ സൗഹൃദങ്ങള്‍ സഹായിക്കുമെന്ന മൂഢ ധാരണപുലര്‍ത്തി കുടുക്കിലായവരുമുണ്ട്. ലോക്കല്‍ചേട്ടന്മാര്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ റോള്‍ ഏറ്റെടുക്കുന്നതും പതിവാണ്. പെണ്‍കുട്ടികളെ പാട്ടിലാക്കാന്‍ വഴികള്‍ പറഞ്ഞുകൊടുക്കും.
പ്രണയബന്ധത്തിലാകുന്നവര്‍ക്ക് ചെലവും ചേട്ടന്മാര്‍ വഹിക്കും. ഭക്ഷണത്തിന്റെയും സിനിമയുടെയും ഉല്ലാസത്തിന് പാര്‍ക്കില്‍പോകുന്നതിന്റെ വഴിച്ചെലവുംവരെ ഏറ്റെടുക്കാന്‍ തയ്യാറാണ്. പ്രണയിതാക്കളുടെ സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തിനല്‍കണമെന്ന ഒരു വ്യവസ്ഥമാത്രമാണ് െവക്കുന്നത്. പകര്‍ത്തപ്പെടുന്ന രംഗങ്ങള്‍ രണ്ടുരീതിയിലാണ് ഉപയോഗിക്കുന്നത്. ഒന്ന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും മറ്റൊന്ന് ആ രംഗങ്ങള്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുകവഴി ലഭിക്കുന്ന വരുമാനവും. ക്‌ളാസ്മുറികളോട് വിമുഖതപുലര്‍ത്തുന്ന ഒരുവിഭാഗം വിദ്യാര്‍ഥികളാണ് സമൂഹവിരുദ്ധരുടെ കൈയിലെ ഉപകരണമാകുന്നത്. അ ധ്യാപകരുടെ നിയന്ത്രണത്തിലുമായിരിക്കില്ല അവര്‍. കൂടുതല്‍ പണവും അടിപൊളിജീവിതവുമെന്ന ആഗ്രഹമാണ് വിദ്യാര്‍ഥികളെ ലഹരിയുടെയും ലൈംഗിക വൈകൃതങ്ങളുടെയും ലോകത്തേയ്‌ക്കെത്തിക്കുന്നത്.
