Crime News

ഒരു കോടി രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ച തൊഴിലാളി അറസ്റ്റില്‍

Posted on: 29 Mar 2015


തൃശ്ശൂര്‍: ഒന്നര വര്‍ഷത്തിനിടെ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ച ആളെ പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ പോട്ടയില്‍ ലെയിനിലെ ബെല്ലിസ് ഗോള്‍ഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനും പൂച്ചട്ടി സ്വദേശിയുമായ വിബിന്‍ !(32) ആണ് അറസ്റ്റിലായത്. 3.7 കിലോഗ്രാം സ്വര്‍ണ്ണമാണ് ഇയാള്‍ പലപ്പോഴായി മോഷ്ടിച്ചത്.

വിതരണം ചെയ്യുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പകരമായി നല്‍കുന്ന സ്വര്‍ണ്ണക്കട്ടികളില്‍ തിരിമറി നടത്തിയായിരുന്നു കവര്‍ച്ച. ഒന്നര വര്‍ഷമായി കായംകുളം, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലെ ജ്വല്ലറികളിലേക്ക് ആഭരണങ്ങള്‍ നല്‍കിയിരുന്നത് വിബിന്‍ ആയിരുന്നു. ഇവിടെനിന്ന് പകരം ലഭിക്കുന്ന സ്വര്‍ണ്ണക്കട്ടികള്‍ ചിലത് ഉരുക്കിവില്‍ക്കുകയായിരുന്നു ഇയാള്‍.

വടൂക്കരയില്‍വെച്ചായിരുന്നു സ്വര്‍ണ്ണം ഉരുക്കാറ്. മണ്ണുത്തിയിലെ സുഹൃത്തുവഴിയാണ് പലതും വിറ്റിരുന്നത്. ചിലത് സ്വര്‍ണ്ണമിടപാടുകാരായ സേട്ടുമാര്‍ക്കുതന്നെയാണ് നല്‍കിയിരുന്നത്. ഒരു കിലോ സ്വര്‍ണ്ണത്തിന്റെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിച്ചത്. ബാക്കി സ്വര്‍ണ്ണം എന്തുചെയ്തു എന്നറിയില്ല.

ചെറുകിട സ്വര്‍ണ്ണപ്പണിക്കാരില്‍നിന്ന് ശേഖരിക്കുന്ന ആഭരണങ്ങളാണ് ജ്വല്ലറികള്‍ക്കായി വിതരണം ചെയ്തിരുന്നത്. അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബെല്ലിസ് ഗോള്‍ഡ് എന്നസ്ഥാപനത്തില്‍ അഞ്ച് ജീവനക്കാരാണ് ഉള്ളത്. സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്നു മനസ്സിലാക്കിയ ഉടമ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച വൈകീട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്റ് പരിസരത്ത് വെസ്റ്റ് സി.ഐ. ടി.ആര്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

 

 




MathrubhumiMatrimonial