Crime News

'താണ്ഡവില്‍' നിന്നും കഞ്ചാവ് പിടിച്ച സംഭവം : സെലിബ്രിറ്റികളിലേക്ക് പോലീസ് അന്വേഷണം

Posted on: 28 Mar 2015


കൊച്ചി: താണ്ഡവ് സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്ത വിദ്യലയത്തില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തില്‍ സെലിബ്രിറ്റികളിലേക്ക് പോലീസ് അന്വേഷണം നീളുന്നു. സ്‌ക്കൂളിലെ സ്ഥിരം സന്ദര്‍ശകരായിരുന്ന സെലിബ്രിറ്റികള്‍ നൃത്തപരിപാടികള്‍ക്ക് പോവുമ്പോള്‍ കഞ്ചാവ് കടത്തിയിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.

സ്ഥാപനത്തെക്കുറിച്ച് നാട്ടുകാര്‍ക്കും പരാതിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കഞ്ചാവ് കടത്തുകേസില്‍ വിദ്യാലയവുമായി ബന്ധമുള്ള ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നതായും പോലീസ് വ്യക്തമാക്കി.

നേരത്തെ ആഡംബര ഫ്ലൂറ്റില്‍ നിന്നും കൊക്കെയ്‌നുമായി സിനിമാ നടന്‍ ഷൈന്‍ ടോം ചാക്കോയും നാല് യുവതികളും അറസ്റ്റിലായ സംഭവത്തെത്തുടര്‍ന്ന് കൊച്ചിയിലെ മയക്കുമരുന്ന് കണ്ണികളെത്തേടിയുള്ള പോലീസ് അന്വേഷണം വീണ്ടും സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് പോലീസ് അറയിച്ചിരുന്നു.

സിനിമാ താരങ്ങള്‍ക്ക് അടുത്ത ബന്ധമുള്ള 'താണ്ഡവ് സ്‌കൂള്‍ ഓഫ് ഡാന്‍സി'ല്‍ നിന്ന് ഒരു കിലോ കഞ്ചാവ് കണ്ടെടുത്തതോടെ ലഹരിമരുന്ന് വേട്ട പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

കേരളത്തിനു പുറത്തുനിന്ന് കഞ്ചാവ് എത്തിച്ച് കൊച്ചിയില്‍ വിതരണം ചെയ്യുകയായിരുന്നു താണ്ഡവ് എന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരുമായി ബന്ധമുള്ള സിനിമാ താരങ്ങളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. താണ്ഡവിന്റെ, അറസ്റ്റിലായ നടത്തിപ്പുകാരന്‍ രാജേഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ സിനിമാ മേഖലയുമായുള്ള ബന്ധം വ്യക്തമാകൂ എന്ന് അന്വേഷണ സംഘത്തിലുള്ളവര്‍ പറഞ്ഞു. ചില സിനിമാ താരങ്ങളെ ചോദ്യം ചെയ്യാനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.

താരനിശകളിലും റിയാലിറ്റി ഷോകളിലും താരങ്ങള്‍ക്കൊപ്പം നൃത്തമവതരിപ്പിക്കുന്ന സംഘമാണ് താണ്ഡവ്. താണ്ഡവില്‍ നൃത്തപരിശീലനത്തിനൊപ്പം മയക്കുമരുന്ന് ഉപയോഗവും വിതരണവും നടക്കുന്നതായി കൊക്കെയ്ന്‍ കേസിന്റെ തുടരന്വേഷണത്തിലാണ് പോലീസിന് വിവരം ലഭിച്ചത്. രാത്രിയില്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ ഇവിടെ പലരും എത്തുന്നതായും പോലീസ് നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്.

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനി നൈജീരിയക്കാരന്‍ ഒക്കോവേ ചിഗോസി ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലായി. കൊച്ചിയെ കേരളത്തിലെ മയക്കുമരുന്ന് വ്യാപാരത്തിന്റെ ഹബ്ബ് ആക്കാന്‍ മാഫിയ ശ്രമിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കൊക്കെയ്ന്‍ കേസിന്റെ അന്വേഷണത്തിലൂടെ സാവധാനത്തിലാണെങ്കിലും ഇതിന്റെ കണ്ണികളിലേക്കെത്തുകയാണ് പോലീസ്.

 

 




MathrubhumiMatrimonial