Crime News

യുവതിയെയും സഹായിയായ ബന്ധുവിനെയും പോലീസ് അറസ്റ്റുചെയ്തു

Posted on: 28 Mar 2015


തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ജുവലറിയില്‍ 50 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന യുവതിയെയും സഹായിയായ ബന്ധുവിനെയും പോലീസ് അറസ്റ്റുചെയ്തു. ജുവലറിയുടെ ഉദ്ഘാടനദിവസമാണ് കവര്‍ച്ച നടന്നത്. പൂന്തുറ മാണിക്കവിളാകം സ്വദേശി സുറുമി എന്ന നസീല(25), ഇവരുടെ ബന്ധു ബാദുഷ(34) എന്നിവരെയാണ് സിറ്റി ഷാഡോ പോലീസ് അറസ്റ്റുചെയ്തത്.

ഏതാനും ദിവസം മുമ്പ് നഗരത്തിലെ ജുവലറിയുടെ ഉദ്ഘാടനദിവസത്തെ തിരക്കിനിടയിലാണ് ജീവനക്കാരെ കബളിപ്പിച്ച് 50 പവനോളം വരുന്ന 31 സ്വര്‍ണവളകള്‍ ഇരുവരും ചേര്‍ന്ന് കവര്‍ന്നത്. നസീലയും ബാദുഷയും ബാദുഷയുടെ ഓട്ടോറിക്ഷയില്‍ ഉച്ചയോടെ ജുവലറിയുടെ സമീപത്തെത്തി കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് ഇരുവരും വൈകീട്ട് ഏഴുമണിയോടെ വീണ്ടും ജുവലറിയില്‍ എത്തി.
ബാദുഷ ജുവലറിക്കുപുറത്ത് കാത്തുനിന്നപ്പോള്‍ നസീല ജുവലറിയില്‍ കയറി ഒന്നര മണിക്കൂറിലേറെ ചെലവഴിച്ചാണ് മോഷണം നടത്തിയത്. ആദ്യം ഒരു മോതിരം വേണമെന്ന് പറയുകയും അതെടുത്ത് ബില്ലിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വള വേണമെന്ന് പറഞ്ഞു. വള തിരഞ്ഞെടുക്കുന്നതിനിടയിലാണ് ജീവനക്കാരെ കബളിപ്പിച്ച് നസീല വളകള്‍ മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു.

കടയ്ക്കുള്ളില്‍ സ്ഥാപിച്ചിരുന്ന ക്യാമറയുടെ സ്ഥാനം മനസ്സിലാക്കിയ ശേഷമാണ് വിദഗ്ദ്ധമായി മോഷണം നടത്തിയതെന്നും പോലീസ് പറഞ്ഞു.
മോഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ജുവലറി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
മോഷ്ടിച്ചെടുത്ത സ്വര്‍ണവളകള്‍ മുഴുവനും നസീലയുടെ വീടിനുസമീപത്തെ വീടിന്റെ ടെറസ്സിലെ ചെടിച്ചട്ടിക്കുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ സൂക്ഷിച്ചിരുന്നു. അവ കണ്ടെടുത്തിട്ടുണ്ട്. മുമ്പ് കിഴക്കേക്കോട്ടയിലെ ഒരു ജുവലറിയില്‍നിന്നും മഞ്ചേരിയിലെ ഒരു ജുവലറിയില്‍നിന്നും നസീല സമാന രീതിയില്‍ മോഷണം നടത്തിയിട്ടുള്ളതായും പോലീസ് അറിയിച്ചു. ഈ കേസില്‍ മറ്റ് പ്രതികള്‍ ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ് അറിയിച്ചു.
അസിസ്റ്റന്റ് കമ്മീഷണര്‍മാരായ ജവഹര്‍ ജനാര്‍ദ്ദ്, പി.ബിജോയ്, കെ.ഇ.ബൈജു, സി.ഐ.മാരായ സുരേഷ്‌കുമാര്‍, പ്രസാദ്, എസ്.ഐ. വി.അശോക് കുമാര്‍, പോലീസുകാരായ അബ്ദുല്‍ ഹക്കീം, ഷാഡോ പോലീസുകാരായ അരുണ്‍കുമാര്‍, സാബു, സജി ശ്രീകാന്ത്, വിനീഷ്, രഞ്ജിത്ത്, പ്രദീപ്, ലത ടി.ഡേവിഡ്, സൗമ്യ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയതും പ്രതികളെ പിടികൂടിയതും.

 

 




MathrubhumiMatrimonial