Crime News

മോഷ്ടിച്ച ബൈക്കുമായി രണ്ടു യുവാക്കള്‍ തലശ്ശേരിയില്‍ പിടിയില്‍

Posted on: 28 Mar 2015


തലശ്ശേരി: മോഷ്ടിച്ച ബൈക്കുമായി തിക്കോടി സ്വദേശികളായ രണ്ടു യുവാക്കളെ തലശ്ശേരി പോലീസ് പിടികൂടി. തിക്കോടിയിലെ കെ.വി.ഹാഷിം (26), മഠത്തില്‍ കുളങ്ങരവീട്ടില്‍ സഖില്‍ എന്ന കുട്ടന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജംബോ സര്‍ക്കസിന്റെ വാഹനപാര്‍ക്കിങ് മൈതാനത്തുനിന്നാണ് ബൈക്ക് മോഷ്ടിച്ചത്. കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍നിന്നായി അഞ്ച് ബൈക്കുകള്‍ മോഷ്ടിച്ചതായി പിടിയിലായവര്‍ സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

വടകര കീര്‍ത്തി തിയേറ്റര്‍ വളപ്പില്‍നിന്ന് ഒന്നും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ടും വീട്ടില്‍നിന്ന് ഒരു ബൈക്കുമാണ് മോഷ്ടിച്ചത്. മോഷണം നടത്തിയ ബൈക്കുകള്‍ കുറച്ചുകാലം വ്യാജ നമ്പര്‍പ്ലേറ്റുപയോഗിച്ച് ഓടിക്കും. അതിനുശേഷം പൊളിച്ചുവില്പന നടത്തലാണ് പതിവ്. ഹാഷിം ഓട്ടോതൊഴിലാളിയും സഖില്‍ ടൈല്‍സ് പണിക്കാരനുമാണ്. റെയില്‍വേ പാര്‍ക്കിങ് കേന്ദ്രം, സിനിമാ തിയേറ്റര്‍ എന്നിവിടങ്ങളില്‍നിന്നാണ് മോഷണം നടത്താറ്. സംഘത്തില്‍ രണ്ടുപേര്‍ കൂടിയുള്ളതായി പോലീസിന് വിവരം ലഭിച്ചു. ഇവര്‍ ഒരുമിച്ച് കൊയിലാണ്ടിയില്‍ സ്ത്രീയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചിരുന്നു.

പിടിയിലായവരില്‍നിന്ന് എട്ട് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. തലശ്ശേരി സി.ഐ. വി.കെ.വിശ്വംഭരന്‍, അഡീഷണല്‍ എസ്.ഐ. രാജീവന്‍, എസ്.ഐ. എ.കെ.വത്സന്‍, ബിജുലാല്‍, വിനോദ്, സുജേഷ്, എസ്.പി.യുടെ ഷാഡോ ടീം എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

കുട്ടികളുള്‍പ്പെടെ അടുത്തകാലത്തായി ബൈക്ക് മോഷണത്തിലേര്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. കതിരൂര്‍, കൂത്തുപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇത്തരം സംഭവങ്ങള്‍ അടുത്തകാലത്തുണ്ടായി. പിന്നീട് രക്ഷിതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

 

 




MathrubhumiMatrimonial