
സ്‌നേഹം ചാലിച്ച് അവര്‍ പടുത്തുയര്‍ത്തിയത് മൂന്നുവീടുകള്‍
Posted on: 27 Mar 2015

രാജപുരം: സ്‌നേഹത്തിന്റെ എല്ലാ അര്‍ഥവും ഉള്‍ക്കൊണ്ട നിശ്ചയദാര്‍ഢ്യമായിരുന്നു അവരെടുത്തത്. ആ തീരുമാനം ലക്ഷ്യത്തിലെത്തിച്ചത് മൂന്നുവീടുകളുടെ താക്കോല്‍ദാനത്തിലാണ്. സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍.എസ്.എസ്. വിദ്യാര്‍ഥികളാണ് എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച മൂന്നുകുടുംബങ്ങള്‍ക്ക് വീടൊരുക്കിയത്. ബളാംതോട് വാതില്‍മാടിയില്‍ നടന്ന ചടങ്ങില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരിയില്‍ വീടുകളുടെ താക്കോല്‍ കൈമാറി.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അധ്യക്ഷതവഹിച്ചു. ലോക്കല്‍ മാനേജര്‍ ഫാ. ഷാജി വടക്കെത്തോട്ടി, കണ്ണൂര്‍ സര്‍വകലാശാലാ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ബാബു ചാത്തോത്ത്, ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജയമോഹന്‍, നാരായണന്‍ അമ്പലത്തറ, ടി.രാജേഷ്, ജിജികുമാരി എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഷിനോ പി.ജോസ് സ്വാഗതവും സവിത നന്ദിയും പറഞ്ഞു.
എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ സഹപാഠിയായ ശില്പ രാജേന്ദ്രനായിരുന്നു ആദ്യ വീട് പണിതുനല്‍കിയത്. തുടര്‍ന്ന് കോളേജിലെതന്നെ വിദ്യാര്‍ഥി അനിഷ്‌കുട്ടന്‍, അമ്പലത്തറയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയും രണ്ടരവയസ്സുകാരിയുമായ അര്‍ച്ചന എന്നിവര്‍ക്കാണ് വീടൊരുക്കിയത്. നാലുദിവസംകൊണ്ട് ജനങ്ങളില്‍നിന്ന് ശേഖരിച്ച അഞ്ചരലക്ഷം രൂപയോടൊപ്പം പൂര്‍വ വിദ്യാര്‍ഥികള്‍ നല്‍കിയ തുകയും ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെ ഏഴരലക്ഷം രൂപയും ചെലവഴിച്ചാണ് മൂന്നുവീടുകളുടെയും പണി പൂര്‍ത്തിയാക്കിയത്.
