
പ്രായം തോറ്റു; 92 ലും ജീപ്പ് പറപ്പിച്ച് വല്യകുഞ്ഞേട്ടന്‍
Posted on: 26 Mar 2015

തൊടുപുഴ: പ്രായമൊരു പ്രശ്‌നമേയല്ല. നവതിപിന്നിട്ട് കുതിക്കുന്ന ഈ വയോധികന് പിരിയാനാവാത്ത ഉറ്റമിത്രം ഒന്നേയുള്ളൂ. അതൊരു ജീപ്പാണ്, 1987 മോഡല്‍ ഇന്റര്‍നാഷണല്‍ എന്‍ജിനുള്ള ജീപ്പ്. ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി വല്ല്യകുഞ്ഞേട്ടന്റെ സന്തതസഹചാരിയാണ് ജീപ്പ്. 92-ാം വയസ്സിലും 29ന്റെ ചുറുചുറുക്കോടെ ഇദ്ദേഹം ജീപ്പുമായി ചീറിപ്പായുന്നു.
ദ്രോണാചാര്യ കെ.പി.തോമസ് മാഷിന്റെ ചേട്ടനാണ് വഴിത്തല മാറാടി കുരിശിങ്കല്‍ ജോസഫ് എന്ന വല്യകുഞ്ഞേട്ടന്‍. ചെറുപ്രായത്തില്‍ത്തന്നെ ഡ്രൈവിങ് ലൈസന്‍സ് നേടി. അംബാസഡര്‍ കാറാണ് ആദ്യം വാങ്ങിയത്. ഈ വണ്ടിയോടിച്ചാണ് ഡ്രൈവിങ് ബാലപാഠങ്ങള്‍ വല്യകുഞ്ഞേട്ടന്‍ മനസ്സിലാക്കിയത്.
1987ല്‍ മാഹിയില്‍നിന്നാണ് കെ.എല്‍.1 8304 നമ്പരിലുള്ള ജീപ്പ് വാങ്ങിയത്. രോഗികളെ ആസ്പത്രിയിലെത്തിക്കാനും മലഞ്ചരക്ക് കൊണ്ടുപോകാനും ശബരിമല യാത്രയ്ക്കും കല്യാണം, മരണം തുടങ്ങി എന്തിനും ഏതിനും വല്യകുഞ്ഞേട്ടന്റെ ജീപ്പിന് ആവശ്യക്കാരേറെയായിരുന്നു. കാലംമാറി, വല്യകുഞ്ഞേട്ടന്റെ സ്വന്തം ആവശ്യങ്ങള്‍ക്കുമാത്രമാണ് ഇപ്പോള്‍ ജീപ്പ് ഓടുന്നത്.
ദിവസവും ജീപ്പില്‍ വഴിത്തലയിലേക്കുള്ള യാത്രയാണ് ഇതില്‍ പ്രധാനം. സുഹൃത്തുക്കളെ കാണാനും കൃഷിയിടത്തിലേക്കുമൊക്കെയാണ് ഈ യാത്ര. ജീപ്പിനോടുള്ള ഈ ഇഷ്ടംകൊണ്ടുതന്നെ മറ്റൊരു വണ്ടിയും ഓടിക്കാന്‍ ഇദ്ദേഹം തയ്യാറല്ല.
പകല്‍ മാത്രമാണ് ഇപ്പോള്‍ ജീപ്പ് ഓടിക്കുന്നത്. രാത്രിയില്‍ വാഹനമോടിക്കുന്നവര്‍ ലൈറ്റ് ഡിം ചെയ്യാത്തതുകൊണ്ട് കാഴ്ചയെ മറയ്ക്കന്നുവെന്നതാണ് കാരണം. ചിട്ടയായ ജീവിതശൈലിയുള്ളതുകൊണ്ട് 92-ാം വയസ്സിലും ആരോഗ്യത്തിന് യാതൊരു പ്രശ്‌നങ്ങളുമില്ല.
ഭാര്യ: അന്നമ്മ. മക്കള്‍: ജോയി, മേഴ്‌സി, മാമ്മന്‍, ഗ്രേസി.
