
നിഷാമിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി
Posted on: 26 Mar 2015
വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ഹാജരാക്കും

കുന്നംകുളം: ചന്ദ്രബോസ് കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി മുഹമ്മദ് നിഷാമിന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ ഏഴ് വരെ നീട്ടി. കണ്ണൂര്‍ സായുധ ക്യാമ്പില്‍നിന്നുള്ള പോലീസുകാരോടൊപ്പം എത്തിയ നിഷാം അവശനായി കാണപ്പെട്ടു.
സഹോദരനോടും ബന്ധുക്കളോടും സംസാരിക്കണമെന്ന് അപേക്ഷ കോടതിയുടെ മുന്നില്‍ വെച്ചെങ്കിലും അഡീഷണല്‍ പബ്ലൂക് പ്രോസിക്യൂട്ടര്‍ ആര്‍. സുരേഷ്ചന്ദ്രന്‍ എതിര്‍ത്തു. കണ്ണൂരിലെ ജയില്‍സൂപ്രണ്ടുമായി വിഷയം സംസാരിക്കാന്‍ കോടതി നിര്‍ദേശിച്ചു. നിഷാമിനെ കാത്ത് ബന്ധുക്കളും കോടതിയിലെത്തിയിരുന്നു.
നിഷാമിന്റെ വൈദ്യപരിശോധനാ ഫലം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത് പൂര്‍ണമല്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ജയചന്ദ്രന്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച പൂര്‍ണമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലൂസ് മജിസ്‌ട്രേറ്റ് ടി.കെ. അനിരുദ്ധന്‍ ആവശ്യപ്പെട്ടു.
കോടതിയില്‍നിന്ന് കനത്ത ബന്തവസ്സിലാണ് നിഷാമിനെ തൃശ്ശൂരിലേക്ക് കൊണ്ടുപോയത്. വ്യാഴാഴ്ച തൃശ്ശൂരിലെ കോടതിയിലും ഹാജരാക്കിയശേഷമാകും കണ്ണൂര്‍ക്ക് കൊണ്ടുപോകുന്നത്.
