goodnews head

തടവറയില്‍ മുതുകാട്; അമ്പരപ്പോടെ അന്തേവാസികള്‍

Posted on: 25 Mar 2015



തിരുവനന്തപുരം: മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെ മന്ത്രി രമേശ് ചെന്നിത്തല പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവറയില്‍ അടച്ചു.

പിന്നീട് ജയില്‍ അന്തേവാസികളിലൊരാളെ പന്തെറിഞ്ഞ് തിരഞ്ഞെടുത്തു. വേദിയിലെത്തിയ അന്തേവാസി ജീവിതത്തിലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാവരോടുമായി പറഞ്ഞു. തിരികെ സദസ്സിലേക്ക് മടങ്ങി. വേദിയില്‍ ഒരു പെട്ടി കെട്ടിത്തൂക്കിയിട്ടിരുന്നു.

ഒടുവില്‍ മുതുകാടിനെ തടവറയില്‍നിന്ന് തിരികെ കൊണ്ടുവന്നു. വേദിയില്‍ കെട്ടിത്തൂക്കിയ പെട്ടി തുറന്നു. ജയില്‍ അന്തേവാസിയുടെ സ്വപ്നങ്ങളെല്ലാം ആ പേടകത്തിനുള്ളില്‍ മനോഹരമായി പൊതിഞ്ഞു സൂക്ഷിച്ച ചെപ്പിനുള്ളിലെ പേപ്പറില്‍ എഴുതിെവച്ചിരുന്നു. വേദിയില്‍ പറഞ്ഞതെല്ലാം വള്ളിപുള്ളി വിടാതെ 'തടവറയില്‍ കഴിഞ്ഞ' മജീഷ്യന്‍ മുതുകാട് വായിച്ചു കേള്‍പ്പിച്ചു. നിറഞ്ഞ സദസ്സിനാകെ അമ്പരപ്പ്.

ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ ഭാഗമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ മാജിക് തെറാപ്പിയുടെ ഭാഗമായാണ് മായാജാല പ്രകടനം അരങ്ങേറിയത്. മാജിക് തെറാപ്പിയിലൂടെ തടവുകാരുടെ മാനസ്സിക സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ഒരു പുതിയ ചികിത്സാ സമ്പ്രദായത്തിനാണ് തുടക്കമായത്. മന്ത്രി രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ജയിലുകള്‍ വലിയരീതിയിലുള്ള മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന്റെ ഭാഗമായാണ് തൊഴിലധിഷ്ടിത കോഴ്‌സുകള്‍ തുടങ്ങിയത്. തടവുകാര്‍ക്ക് ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ സമൂഹത്തില്‍ മാന്യമായി ജീവിക്കാനുള്ള അവസരമൊരുക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ജയിലുകളില്‍ മാജിക് തെറാപ്പി തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പരിപാടി സംസ്ഥാനത്തെ മറ്റ് ജയിലുകളിലും നടത്തുമെന്നും മന്ത്രി പറഞ്ഞു.

ജയില്‍ വകുപ്പ് മേധാവി ടി.പി. സെന്‍കുമാര്‍ അധ്യക്ഷനായി. ഡി.ഐ.ജി. എച്ച്.ഗോപകുമാര്‍, പൂജപ്പുര വാര്‍ഡ് കൗണ്‍സിലര്‍ കെ.മഹേശ്വരന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.



 

 




MathrubhumiMatrimonial