Crime News

ഉറങ്ങാന്‍ കിടന്നത് ട്രെയിനില്‍; ഉണര്‍ന്നത് ആസ്‌പത്രി കിടക്കയില്‍

Posted on: 24 Mar 2015


നടുക്കം മാറാതെ രാമകൃഷ്ണനും ദമയന്തിയും


കൊച്ചി: ജീവിതത്തില്‍ നിന്ന് ഒരു ദിവസം നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് രാമകൃഷ്ണനും ഭാര്യ ദമയന്തിയും ഓര്‍ക്കുന്നത്. ശനിയാഴ്ച രാത്രി ഹാപ്പ തിരുെനല്‍വേലി എക്‌സ്പ്രസില്‍ ഉറങ്ങാന്‍ കിടന്ന ദമ്പതിമാര്‍ എറണാകുളം ജനറല്‍ ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ഉറക്കമെണീറ്റത്. അപ്പോഴേക്കും ദമയന്തിയുടെ സ്വര്‍ണമാലയും വളകളും രാമകൃഷ്ണന്റെ വാച്ചും നഷ്ടമായിരുന്നു. അഞ്ച് പവന്റെ ആഭരണങ്ങളാണ് കവര്‍ന്നതെന്ന് ഇവര്‍ എറണാകുളം സൗത്ത്‌ െറയില്‍വേ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അടുത്തിടെ വിവാഹിതയായ മൂത്ത മകളുടെ ഗുജറാത്തിലെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു കളമശ്ശേരി പൂര്‍ണശ്രീയില്‍ രാമകൃഷ്ണനും ദമയന്തിയും. ഹാപ്പതിരുെനല്‍വേലി എക്‌സ്പ്രസ്‌ െട്രയിനിലെ അഞ്ചാമത്തെ സ്ലീപ്പര്‍ ക്ലാസ് കംപാര്‍ട്‌മെന്റില്‍ ശനിയാഴ്ച രാവിലെ അംഗലേശ്വരത്ത് നിന്നാണ് ഇരുവരും കയറിയത്. ആറ് മണിയോടെ െട്രയിന്‍ മഹാരാഷ്ട്രയിലെ പനവേല്‍ പിന്നിട്ടു. രാത്രി 7.30ഓടെയാണ് ഇരുവരും ഉറങ്ങാന്‍ കിടന്നത്.

ഒപ്പം ആറ് യാത്രക്കാര്‍ കൂടി ഉണ്ടായിരുന്നു. ഷൊറണൂരിലേക്കുള്ള ദമ്പതിമാരും മഡ്ഗാവില്‍ ഇറങ്ങേണ്ട മധ്യവയസ്‌കനും അച്ഛനും രണ്ട് മക്കളുമുള്‍പ്പെട്ട മറ്റൊരു സംഘവും. ഷൊറണൂരിലെ ദമ്പതിമാരുമായി മധ്യവയസ്‌കന്‍ സംസാരിക്കുന്നുണ്ടായിരുന്നു. അയാള്‍ നല്‍കിയ വെള്ളം അവര്‍ കുടിക്കുന്നതും കണ്ടു. എന്നാല്‍ തങ്ങള്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്ന വെള്ളമാണ് കുടിച്ചിരുന്നത്. മറ്റാരില്‍ നിന്നും ഒന്നും വാങ്ങി കഴിച്ചിട്ടില്ല. ആ മധ്യവയസ്‌കനെയാണ് സംശയിക്കുന്നത്. അയാളുടെ മുഖം ഓര്‍മയുണ്ട്. 18ാം നമ്പര്‍ സീറ്റിലായിരുന്നു അയാളെന്നും ദമ്പതിമാര്‍ പോലീസിനോട് പറഞ്ഞു.

ശനിയാഴ്ച കിടന്ന രാമകൃഷ്ണനും ദമയന്തിയും ഞായറാഴ്ച വൈകീട്ട് ഏഴു മണിക്ക് ആസ്പത്രിയില്‍ നിന്ന് ഉറക്കമെണീറ്റപ്പോഴും തീവണ്ടിയില്‍ തന്നെയാണെന്നാണ് കരുതിയത്. െട്രയിന്‍ പനവേല്‍ സ്‌റ്റേഷന്‍ പിന്നിട്ടത് മാത്രമാണ് ഇപ്പോഴും ഇവര്‍ ഓര്‍ക്കുന്നത്. ഞായറാഴ്ച ആസ്പത്രിയില്‍ കൂടെയുണ്ടായിരുന്നവര്‍ 11 പവന്‍ നഷ്ടപ്പെട്ടു എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ തിങ്കളാഴ്ച വ്യക്തമായി ബോധം വന്നപ്പോഴാണ് അഞ്ച് പവനേ പോയിട്ടുള്ളൂ എന്ന് ഇവര്‍ തിരിച്ചറിഞ്ഞത്.

 

 




MathrubhumiMatrimonial