Crime News

അടിമാലി രാജധാനി കൂട്ടക്കൊല ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവിഷയമാകുന്നു

Posted on: 24 Mar 2015



അടിമാലി: സംസ്ഥാനത്തെ ഞെട്ടിച്ച അടിമാലി രാജധാനി ലോഡ്ജിലെ കൂട്ടക്കൊല പുതിയ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവിഷയമാകുന്നു. സംസ്ഥാന പോലീസിന്റെ നിര്‍ദേശപ്രകാരമാണ് കേസ് ഇവര്‍ക്ക് പരിശീലനവിഷയമാക്കുന്നത്. ഇതിന്റെ ഭാഗമായി കേസിന്റെ വിശദാംശങ്ങള്‍ പഠിക്കാനായി ഇന്നലെ രണ്ടംഗ ഐ.പി.എസ്. സംഘം അടിമാലിയിലെത്തി. എറണാകുളം റൂറല്‍ എ.എസ്.പി. മെറിന്‍ ജോസഫ്, കോട്ടയം എ.എസ്.പി. ആര്‍.കറുപ്പസ്വാമി എന്നിവരാണ് ഇന്നലെ കൂട്ടക്കൊല നടന്ന ലോഡ്ജില്‍ വിവരങ്ങള്‍ തേടിയെത്തിയത്.

ഇവര്‍ സംസ്ഥാനത്തെ പുതിയ ഐ.പി.എസ്. ഓഫീസര്‍മാരാണ്. സംസ്ഥാന പോലീസ് ചീഫിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസിനെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരും ചാര്‍ജ്ജെടുത്തതിന് ശേഷം ഇത്തരത്തില്‍ വിവാദമായ കൊലക്കേസുകള്‍ ഇവര്‍ കൈകാര്യം ചെയ്തിട്ടില്ല. ഇത്തരം കൊലപാതകക്കേസുകള്‍ ഭാവില്‍ ഇവരുടെ ഡ്യൂട്ടിസമയത്ത് ഉണ്ടായാല്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിചയം ലഭിക്കുന്നതിനാണ് ഇവരെ ഈ കേസ് പഠിക്കാന്‍ വിട്ടിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ അടിമാലി സര്‍ക്കിളോഫീസിലെത്തിയ സംഘം രാജധാനി കേസ് അന്വേഷിച്ച സി.ഐ. സജി മാര്‍ക്കോസില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കൂടാതെ കേസ്ഡയറി അടക്കമുള്ള രേഖകള്‍ പരിശോധിക്കുകയും പകര്‍പ്പുകള്‍ ശേഖരിക്കുകയും ചെയ്തു. ലോഡ്ജ് നടത്തിപ്പുകാരനേയും കുടുംബത്തേയും മുന്‍പ് കേട്ടുകേള്‍വിയില്ലാത്ത വിധത്തിലാണ് അന്യസംസ്ഥാന കൊലയാളികള്‍ വകവരുത്തിയത്. കൂടാതെ മൂന്നു വര്‍ഷത്തിലധികം സമയമെടുത്ത് കൊലയ്ക്കുവേണ്ടി തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍, കൊലപാതകികളും മരിച്ചവരുമായുള്ള ബന്ധം, കൃത്യത്തിനു ശേഷം പ്രതികള്‍ സ്ഥലംവിട്ട രീതി, പ്രതികളെ കണ്ടെത്തുന്നതിന് ലോക്കല്‍ പോലീസ് തയാറാക്കിയ പദ്ധതികള്‍ എന്നിവ ഐ.പി.എസ്. സംഘം ശേഖരിച്ചു. കൊല നടന്ന ലോഡ്ജും മുറികളും പരിസരവും ഇവര്‍ വിശദമായി പരിശോധിച്ചു. കൊലയ്ക്കു ശേഷം കടന്നുപോയ പ്രതികള്‍ സഞ്ചരിച്ച വഴികളും പ്രതികളുടെ സി.സി. ടി.വി. ദൃശ്യം പകര്‍ത്തിയ വ്യാപാരസ്ഥാപനത്തിലെ ക്യാമറയും ഇവര്‍ നിരീക്ഷിച്ചു. രാജാധാനികേസ് മികച്ച പഠനവിഷയമാണെന്ന് ഐ.പി.എസ്. സംഘം പറഞ്ഞു. സംസ്ഥാനത്തു മുന്‍പ് നടന്നിട്ടുള്ള കൊലപാതകങ്ങളില്‍ സമാനതകളില്ലാത്ത കൊലയാണ് രാജധാനി ലോഡ്ജില്‍ നടന്നത്. ലോഡ്ജു നടത്തിപ്പുകാരനായ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിശുമ്മ, ഇവരുടെ അമ്മ നാച്ചി എന്നിവരാണ് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. കൊലയ്ക്കുശേഷം കര്‍ണാടക സ്വദേശികളായ മൂന്നംഗസംഘം മരിച്ചവരുടെ ആഭരണങ്ങളും പണവും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. കേസില്‍ രണ്ടുപേരെ മാത്രമാണ് ലോക്കല്‍ പോലീസിന് പിടികൂടാനായത്. ഒരാളേയും മോഷണമുതല്‍ പൂര്‍ണമായും കണ്ടെടുക്കാന്‍ അന്വേഷണസംഘത്തിനായിട്ടില്ല.

 

 




MathrubhumiMatrimonial