goodnews head

പുഴക്കരയിലെ 'അറബി ബ്രാന്‍ഡ് 'പച്ചക്കറികള്‍

Posted on: 23 Mar 2015



മലപ്പുറം:
പുഴയിലെ വെള്ളംകുറയുമ്പോള്‍ 'അറബിക്ക'ക്ക് സങ്കടമാണ്. എന്നുകരുതി വിലാപകാവ്യം രചിക്കാനൊന്നും മൂപ്പരെ കിട്ടില്ല. തോര്‍ത്ത് തലയില്‍കെട്ടി തൂമ്പയുമെടുത്ത് അദ്ദേഹം പുഴക്കരയിലേക്കിറങ്ങും.
പുഴയോരം ചെത്തിമിനുക്കി അറബിക്ക കൃഷിയിറക്കും. പയറും പടവലവും ചീരയും ചെരങ്ങയുമെല്ലാം അക്കൂട്ടത്തിലുണ്ട്. പട്ടര്‍ക്കടവ് ഒറുങ്കടവ് കുഞ്ഞിമുഹമ്മദ് എന്ന അറബിക്ക പുഴയോരകൃഷി തുടങ്ങിയിട്ട് വര്‍ഷം അമ്പതുകഴിഞ്ഞു. പൂര്‍വികര്‍ അറബികളായത് കൊണ്ടാണ് അറബിക്കയെന്ന് പേരുകിട്ടിയത്.
കുട്ടിക്കാലം മുതലേ കുഞ്ഞിമുഹമ്മദ് കടലുണ്ടി പുഴയുടെ തീരത്ത് കൃഷിചെയ്യുന്നുണ്ട്. പാണക്കാട്ടായിരുന്നു തുടക്കം. പിന്നെ പരിസരങ്ങളിലേക്കും പടര്‍ന്നു. രാസവളങ്ങള്‍ക്കു പകരം കോഴിക്കാഷ്ടവും വെള്ളവുമാണ് ഉപയോഗിക്കുന്നത്. അതുതന്നെയാണ് തന്റെ കൃഷി വിജയമെന്ന് അറബിക്ക പറയുന്നു.
ഏത്തം ഉപയോഗിച്ച് പുഴയില്‍നിന്ന് വെള്ളം തേവിയാണ് നനയ്ക്കല്‍. വൈദ്യുതിയോ മോട്ടോറോ ആവശ്യമില്ലാത്ത ഏത്തം തൊട്ടിയുടെ എന്‍ജിനീയറും അറബിക്കതന്നെ. ഒന്നിടവിട്ട ദിവസങ്ങളിലാണ് നനയും വിളവെടുപ്പും. ഭാര്യ ആസിയയും മക്കളും ചേരുമ്പോള്‍ കൃഷി കുടുംബകാര്യമാകും.
വിളവെടുത്ത പച്ചക്കറികള്‍ ന്യായവിലയ്ക്ക് റോഡരികില്‍ വില്‍പ്പനയ്ക്കു വെക്കും. ചൂടപ്പം പോലെയാണ് വില്‍പ്പന. വിഷമില്ലാത്ത 'അറബി ബ്രാന്‍ഡ്' പച്ചക്കറിക്ക് സ്ഥിരം ആവശ്യക്കാരേറെ. 800 മുതല്‍ 1000 രൂപവരെ വിറ്റുകിട്ടും. മകന്‍ റഫീഖ് അറബിയാണ് വില്‍ക്കാന്‍ സഹായിക്കുന്നത്.
സമയംകിട്ടുമ്പോള്‍ കുഞ്ഞിമുഹമ്മദ് സൈക്കിളില്‍ പച്ചക്കറിയുമായി നാടുചുറ്റും. 'പച്ചക്കറിയുടെ യഥാര്‍ഥരുചി എല്ലാവരും അറിയട്ടെ' എന്നാണ് ഈ 68കാരന്റെ പക്ഷം. ഇഷ്ടക്കാര്‍ക്കുള്ള അറബിക്കയുടെ സമ്മാനവും ഈ പച്ചക്കറിയാണ്.
കുഞ്ഞിമുഹമ്മദിന്റെ മനസ്സില്‍ എന്നും കൃഷിയാണ്. അതിനുവേണ്ടി എവിടെപ്പോകാനും മടിയില്ല. ആവേശം മൂത്ത് ക്വിസ് മത്സരത്തിനു പോയി സമ്മാനം വാങ്ങിയിട്ടുണ്ട്. കണ്ടസിനിമകളിലെ കൃഷിരംഗങ്ങള്‍ മായാതെ മനസ്സിലുണ്ട്. കൃഷിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്ക് പഞ്ഞമേയില്ല. ആത്മാര്‍ത്ഥയും സത്യസന്ധതയും ഉണ്ടെങ്കില്‍ കൃഷി നഷ്ടക്കച്ചവടമല്ലെന്ന് അറബിക്ക സാക്ഷ്യപ്പെടുത്തുന്നു.

 

 




MathrubhumiMatrimonial