
നാട് കത്താതെ കാത്ത മുരളീധരന് നാടിന്റെ ആദരം
Posted on: 22 Mar 2015

കാഞ്ഞങ്ങാട്: നാട് കത്തിപ്പടരാതെ കാത്ത കാഞ്ഞങ്ങാട്ടെ കോഫിഹൗസ് ജീവനക്കാരന്‍ മുരളീധരന് നാടിന്റെ ആദരം. കോഫി വര്‍ക്കേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച ആദര ചടങ്ങ് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അപകടം സംഭവിച്ചാല്‍ മാത്രം അതിന്റെ ആഴവും പരപ്പും പറഞ്ഞ് വ്യസനിക്കുന്ന കാലമാണിതെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. മുരളീധരന്‍ ചെയ്തത് അത്രവലിയ ധീരതയാണോയെന്ന് ചോദിക്കുന്നവരുണ്ട്. സ്വന്തം ജീവന്‍പോലും കാര്യമാക്കാതെയാണ് തീപടരുന്ന അടുക്കളയില്‍നിന്ന് മുരളി ചോരുന്ന ഗ്യാസ് സിലിന്‍ഡര്‍ പുറത്തെത്തിച്ചത്.
ഈ ധീരത നാടിനെ അറിയിച്ച മാതൃഭുമിയെയും എം.എല്‍.എ. എടുത്തുപറഞ്ഞു. തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഉപഹാരം നല്കി. സൊസൈറ്റി പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ കെ.ദിവ്യ, കാഞ്ഞങ്ങാട് സ്റ്റേഷനിലെ ലീഡിങ് ഫയര്‍മാന്‍ കെ.എ.മനോജ്കുമാര്‍, വ്യാപാരി നേതാക്കളായ സി.യൂസഫ് ഹാജി, വി.വി.രമേശന്‍, പ്രസ്‌ഫോറം പ്രസിഡന്റ് ടി.കെ.നാരായണന്‍, കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി കെ.വി.വിശ്വനാഥന്‍, വി.കെ.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. 22 ബ്രാഞ്ചിന്റെ ഉപഹാരങ്ങളും മുരളീധരന് നല്കി. ഭരണസമിതി അംഗം പി.വി.ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
ഇക്കഴിഞ്ഞ 12-നാണ് കാഞ്ഞങ്ങാട് പട്ടണം കത്തിപ്പടരുമായിരുന്ന വന്‍ദുരന്തം മുരളീധരന്‍ ഇല്ലാതാക്കിയത്. തൊട്ടടുത്ത ഹോട്ടലില്‍നിന്ന് ഗ്യാസ് സിലിന്‍ഡര്‍ ചോര്‍ന്ന് തീപിടിക്കുകയായിരുന്നു. എല്ലാവരും ജീവനുംകൊണ്ട് ഓടിയപ്പോള്‍ മുരളീധരന്‍ ഹോട്ടലിനകത്തേക്കോടി സിലന്‍ഡര്‍ എടുത്തു സുരക്ഷിതമായി മാറ്റുകയായിരുന്നു. ഈ ധീരത മാതൃഭൂമിയിലൂടെയാണ് നാട് അറിഞ്ഞത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ ഒരേ സ്വരത്തില്‍ മാതൃഭൂമിയെ അഭിനന്ദിച്ചു. മാതൃഭൂമിയില്‍ ഈരീതിയില്‍ വാര്‍ത്ത വന്നില്ലായിരുന്നെങ്കില്‍ മുരളിധരന്റെ ധീരകൃത്യത്തിന് നാടിന്റെ ആദരമുണ്ടാകില്ലായിരുന്നുവെന്ന് കോഫി വര്‍ക്കേര്‍സ് സഹകരണസംഘം പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍ പറഞ്ഞു.
