Crime News

12 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

Posted on: 22 Mar 2015


മുളങ്കുന്നത്തുകാവ്: തൃശ്ശൂര്‍ ജില്ലയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നയാള്‍ 12 കിലോ കഞ്ചാവുമായി എക്‌സൈസ് പിടിയിലായി. തമിഴ്‌നാട് തേനി സ്വദേശിയായ മുക്കയ്യ തേവരുടെ മകന്‍ രാജാ(44)യാണ് പിടിയിലായത്. കോലഴി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ദേവദാസും സംഘവും ചേര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. നീലച്ചടയന്‍ വിഭാഗത്തില്‍പ്പെട്ട വീര്യമുള്ള കഞ്ചാവാണ് ഇയാളില്‍നിന്ന് പിടികൂടിയത്. ഇതിന് 20 ലക്ഷത്തോളം രൂപ വിലവരുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

മുമ്പ് വരടിയം, മുണ്ടൂര്‍, കുറ്റൂര്‍ പ്രദേശങ്ങളില്‍നിന്നും പിടികൂടിയ ചില ചില്ലറക്കച്ചവടക്കാരില്‍നിന്നുമാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയത്. സംഘത്തിന് ഇയാളെക്കുറിച്ച് സൂചന ലഭിച്ചതിനുശേഷം അന്വേഷിക്കുന്നതിനിടയില്‍ ഇയാള്‍ മുങ്ങുകയും ചെയ്തു.
കൈപ്പറമ്പില്‍ പ്രവര്‍ത്തിച്ചുവരുന്ന ബാര്‍ഹോട്ടലിനു സമീപം ചില്ലറക്കച്ചവടക്കാരെ കാത്തുനില്ക്കുമ്പോഴാണ് തൃശ്ശൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സലിംകുമാറിന് പ്രതിയെക്കുറിച്ച് രഹസ്യവിവരം ലഭിച്ചത്. പ്രതിക്ക് മറ്റു സംസ്ഥാനങ്ങളിലും കഞ്ചാവുകടത്തുണ്ടെന്ന് അറിവായതായി പിടികൂടിയ സംഘം പറഞ്ഞു. കേസില്‍ പ്രതിയുമാണ്. കമ്പം-തേനി പ്രദേശങ്ങളില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ച് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മാസങ്ങളായി കഞ്ചാവുവില്പന നടത്തിവരികയായിരുന്നു.

അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. കലാധരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ജി. ശിവശങ്കരന്‍, കെ.ബി. സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, സുധീര്‍കുമാര്‍, മോഹനന്‍, സുരേന്ദ്രന്‍, ഡിക്‌സണ്‍ ഡേവിസ്, പരമേശ്വരന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

 




MathrubhumiMatrimonial