goodnews head

തിരുനക്കര ശിവന് ഇത് കന്നിപ്പൂരം

Posted on: 22 Mar 2015

കാണക്കാരി രവി




കോട്ടയം:
ആനപ്രേമികളുടെയും ഭക്തരുടെയും അഭിലാഷം ഒടുവില്‍ സഫലമായി. ഈശ്വരനിയോഗം കൈവന്നപോലെ പകല്‍പ്പൂരത്തിന്റെ ചരിത്രത്തിലാദ്യമായി തിരുനക്കര ദേവസ്വത്തിലെ ആന ശിവന്‍ സ്വന്തംതേവരുടെ തിടമ്പേറ്റി. ആയിരങ്ങള്‍ ആഹ്ലാദാരവങ്ങളോടെ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് തിടമ്പേറ്റിയ ശിവനെ പൂരപ്പറമ്പിലേക്ക് ആനയിച്ചു. തിരുനടയില്‍നിന്ന് ചമയങ്ങളണിഞ്ഞ് തേവരുടെ തിടമ്പേറ്റിയപ്പോള്‍ ശിവന്‍ തലയൊന്നുതാഴ്ത്തി ദേവനെ വണങ്ങി, പിന്നെ തലയെടുപ്പോടെ പൂരപ്പറമ്പിലേക്ക്.

കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ പകല്‍പ്പൂരത്തിലാദ്യമായാണ് തിരുനക്കര ശിവനെ എഴുന്നള്ളിക്കുന്നത്. ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ശിവന് തിടമ്പേറ്റാനുള്ള അവസരമൊരുങ്ങിയത്.

കഴിഞ്ഞദിവസംവരെ മദപ്പാടിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുനക്കര ശിവനെ വിദഗ്ധ പരിശോധനയ്ക്കുശേഷമാണ് പൂരത്തിനെഴുന്നള്ളിക്കാന്‍ തീരുമാനിച്ചത്.

നക്കരക്കുന്ന് ആനപ്രേമിസംഘം, വൈക്കം തെക്കേനട ആനസ്‌നേഹിസംഘം എന്നീ സംഘടനകള്‍ക്കുവേണ്ടി ഡോ.വിനോദ് വിശ്വനാഥന്‍, സനോജ്, ഉത്സവ ഭാരവാഹികളായ സി.എന്‍.സുഭാഷ്, എസ്.ശങ്കര്‍, ജയന്‍ തടത്തുംകുഴി, പി.ജെ.ഹരികുമാര്‍, ടി.സി.ഗണേഷ്, ജി.രാജീവ്, ടി.എന്‍.ഹരികുമാര്‍, മോഹന്‍ കെ.നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തര്‍ക്കം തീര്‍ന്നത്. ദേവസ്വം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ആര്‍.അജിത്കുമാര്‍, അസി.കമ്മീഷണര്‍ കെ.എ.രാധികാദേവി, അഡ്മിനിസ്േട്രറ്റീവ് ഓഫീസര്‍ വി.നാരായണന്‍ ഉണ്ണി എന്നിവരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

 

 




MathrubhumiMatrimonial