Crime News

ജുവലറിയില്‍നിന്ന് സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍

Posted on: 21 Mar 2015


തിരുവല്ല: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജുവലറിയിലെത്തി മാല കവര്‍ന്നയാളെ അറസ്റ്റ് ചെയ്തു.ചങ്ങനാശ്ശേരി മാടപ്പള്ളില്‍ പുതുവീട്ടില്‍ ജോസഫ് മാത്യു (48) ആണ് അറസ്റ്റിലായത്.തിരുവല്ല ആലൂക്കാസ് ജുവലറിയില്‍നിന്ന് 21 ഗ്രാം വരുന്ന സ്വര്‍ണ മാലയാണ് കവര്‍ന്നത്.

ചൊവ്വാഴ്ച വൈകീട്ട് ജുവലറിയില്‍ എത്തിയ ഇയാള്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കൗണ്ടറില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മാല കവരുകയായിരുന്നു. സി.സി. ടിവിയില്‍ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സമാന സ്വഭാവമുള്ള കേസ്സുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ രേഖാചിത്രം പരിശോധിച്ച്് പ്രതിയെ കണ്ടെത്തി.മോഷ്ടിച്ച സ്വര്‍ണം കോഴഞ്ചേരിയിലെ ജുവലറിയില്‍ നിന്ന് ഉരുക്കിയ നിലയില്‍ പോലീസ് കണ്ടെടുത്തു.

പത്തനംതിട്ട, കീഴ്വായ്പൂര് സ്റ്റേഷനുകളിലെ സമാനമായ കേസ്സുകളില്‍ ജോസഫ് പ്രതിയാണ്. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ഇയാളുടെ പതിവാണെന്ന് പോലീസ് പറഞ്ഞു. പോലീസിനെ ആക്രമിച്ച കേസ്സില്‍ ഇയാള്‍ക്കെതിരെ കീഴ്വായ്പൂര് പോലീസ്സ്‌റ്റേഷനില്‍ കേസുണ്ട്. എസ്.ഐ. വിനോദ് കൃഷ്ണയുടെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്കുമാര്‍, വിനോദ്കുമാര്‍, ഷാഡോപോലീസ് അംഗങ്ങളായ അജി ശാമുവല്‍, സന്തോഷ്, അജി, സി.പി.ഒ.മാരായ തുളസി, രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

 




MathrubhumiMatrimonial