Crime News

കണ്ടശ്ശാംകടവില്‍ ഒരു വീടിനു നേരെ പലവട്ടം ആക്രമണം

Posted on: 21 Mar 2015


കണ്ടശ്ശാംകടവ്: മാമ്പുള്ളിയില്‍ ഒരു വീടിനു നേരെ പലവട്ടം സമൂഹവിരുദ്ധരുടെ ആക്രമണം. മാമ്പുള്ളിയിലെ കോലാട്ട് ശങ്കരന്റെ മകന്‍ മനോജിന്റെ വീടിനുനേരെയാണ് നിരന്തരമായ ആക്രമണം നടക്കുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ സമൂഹവിരുദ്ധര്‍ വീടാക്രമിച്ച് ബൈക്കിന് രണ്ടാം തവണയും തീയിട്ടു. ബൈക്കിനടുത്ത് വച്ചിരുന്ന മൂന്ന് സൈക്കിളുകളും കത്തി. വീടിന്റെ ഇറയത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുകയും ചുമരില്‍ അസഭ്യം എഴുതുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് തീ ആളിപടരുന്നത് മനോജിന്റെ അമ്മ മാലതി കണ്ടത്. വാതില്‍ തുറന്ന് പുറത്തിറങ്ങിയ ഇവര്‍ മാലിന്യത്തില്‍ വഴുക്കിവീണു. ഇവരുടെ കരച്ചില്‍ കേട്ടാണ് വീട്ടുകാരും അയല്‍ക്കാരും ഉണര്‍ന്നത്.

ബൈക്കിലെ തീ കെടുത്താനായി മനോജ് മണലും വെള്ളവും ഒഴിച്ചു. ഇതിനിടെ മനോജിന്റെ കൈക്ക് പൊള്ളലേറ്റു. പെട്രോള്‍ടാങ്കിന് മുകളിലാണ് തീ കത്തിയത്. തീ പടര്‍ന്ന് പൊട്ടിത്തെറിച്ചെങ്കില്‍ ഓടുമേഞ്ഞ വീട് കത്തിനശിക്കുമായിരുന്നു.

കഴിഞ്ഞ ഒന്നിന് അതേ വീട് സമൂഹവിരുദ്ധര്‍ ആക്രമിച്ചിരുന്നു. അന്ന് ബൈക്കിന്റെ സീറ്റുകവറും ഹാന്‍ഡിലിലെ സ്വിച്ചുകളുമാണ് കത്തിയത്. ഈ സംഭവത്തിന് ഏതാനും ആഴ്ച മുമ്പ് വീട്ടിലെ സൈക്കിളുകളും രണ്ട് കസേരയും ചെരുപ്പുകളും അയല്‍പക്കത്തെ പറമ്പില്‍ കൊണ്ടിട്ടിരുന്നു. വീട്ടിലെ പാത്രങ്ങള്‍ കിട്ടിയത് സമീപത്തെ പറമ്പില്‍നിന്നാണ്.
ഏതാനും മാസംമുമ്പ് സമീപവാസിയായ കരുവത്ത് രജീന്ദ്രന്റെ ആടുകളെയും കോഴികളെയും കൂടുതുറന്നുവിട്ടിരുന്നു. തുടര്‍ന്ന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

സമൂഹദ്രോഹികള്‍ക്കെതിരെ ജനകീയ കാവല്‍ വേണ്ടി വന്നാല്‍ ഏര്‍പ്പെടുത്തുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച മണലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. വിനോദന്‍ പറഞ്ഞു. പ്രതികളെ പിടികൂടണമെന്ന് ബി.ജെ.പി. മണലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുധീര്‍ പൊറ്റേക്കാട്ട് ആവശ്യപ്പെട്ടു.

 

 




MathrubhumiMatrimonial