Crime News

ഭര്‍ത്താവിന്റെ കൂടെയില്ലെന്ന് യുവതി; കോടതി ആശ്രമത്തിലേക്ക് തിരിച്ചയച്ചു

Posted on: 20 Mar 2015


മംഗളൂരു: ഭാര്യയെ തട്ടിക്കൊണ്ടുപോയെന്നുകാണിച്ച് യുവഡോക്ടര്‍ നല്‍കിയ പരാതിക്ക് നാടകീയ അന്ത്യം. പരാതിയനുസരിച്ച് ഇദ്ദേഹത്തിന്റെ ഭാര്യയെ തമിഴ്‌നാട്ടിലെ ഒരു ആശ്രമത്തില്‍നിന്ന് പോലീസ് കണ്ടെത്തി. എന്നാല്‍, കോടതിയില്‍ യുവതി തനിക്ക് ഭര്‍ത്താവിന്റെകൂടെ പോവേണ്ടെന്ന് അറിയിച്ചു. യുവതിയുടെ ഇഷ്ടപ്രകാരം ആശ്രമത്തിലേക്ക് കോടതി തിരിച്ചയക്കുകയും ചെയ്തു.

പുത്തൂര്‍ കല്ലാരെയിലാണ് സംഭവം. കല്ലാരെയിലെ ഗിരിധര്‍ ഭട്ടാണ് തന്റെ ഭാര്യ കീര്‍ത്തികയെ കൂടെ ജോലിചെയ്യുന്ന ഡേവിഡ് ഡെന്നിസണ്‍ എന്നയാള്‍ തട്ടിക്കൊണ്ടുപോയെന്നുകാണിച്ച് പരാതിനല്‍കിയത്. പ്രണയവിവാഹമായിരുന്നു ഭട്ടിന്റെയും കീര്‍ത്തികയുടെയും. എന്നാല്‍, കുറച്ചുകാലംകൊണ്ട് ഇവര്‍ക്കിടയില്‍ ഭിന്നത തുടങ്ങി. എന്‍ജിനീയറായ കീര്‍ത്തിക ബെംഗളൂരുവില്‍ ജോലിചെയ്യുകയായിരുന്നു. അവിടെ കീര്‍ത്തികയുമായി ബന്ധപ്പെട്ട് ചില അപവാദങ്ങള്‍ പ്രചരിച്ചപ്പോള്‍ ഭട്ട് കീര്‍ത്തികയെ നിര്‍ബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
എന്നാല്‍, ഒരുദിവസം കീര്‍ത്തികയെ കാണാതായി. നാട്ടിലെത്തിയ സഹപ്രവര്‍ത്തകനായ ഡെന്നിസന്‍ കീര്‍ത്തികയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഭട്ട് പുത്തൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതുപ്രകാരം പോലീസ് അന്വേഷണം തുടങ്ങുകയും തമിഴ്‌നാട്ടിലെ അന്‍പു ജ്യോതി ആശ്രമത്തില്‍ കീര്‍ത്തികയെ കണ്ടെത്തുകയും തിരിച്ചെത്തിക്കുകയും ചെയ്തു. എന്നാല്‍, കോടതിയില്‍ കീര്‍ത്തിക തനിക്ക് ഭര്‍ത്താവിന്റെകൂടെ പോവേണ്ടെന്ന് അറിയിച്ചു. ഭര്‍ത്താവും വീട്ടുകാരും തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞു. കീര്‍ത്തികയുടെ അഭ്യര്‍ഥനപ്രകാരം കോടതി തിരികെ ആശ്രമത്തിലേക്കുതന്നെ കീര്‍ത്തികയെ പറഞ്ഞയക്കുകയും ചെയ്തു. ആറുമാസത്തോളം പോലീസിന് തലവേദന സൃഷ്ടിച്ച തട്ടിക്കൊണ്ടുപോകല്‍ കേസിന് അങ്ങനെ അന്ത്യവുമായി.

 

 




MathrubhumiMatrimonial