
ഐ.എ.എസ് ഓഫീസറുടെ ദുരൂഹ മരണം; കര്‍ണാടകയില്‍ പ്രതിഷേധം വ്യാപകമാകുന്നു
Posted on: 20 Mar 2015

ബെഗളുരു: ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവിയുടെ ദുരൂഹ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ പ്രതിഷേധം ശക്തം.
ബെംഗളുരുവില്‍ എ.ബി.വി.പിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷമുണ്ടായി. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
ബി.ജെ.പി എം എല്‍ എമാര്‍ നിയമസഭയില്‍ നിന്ന് ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഐ.എ.എസ് ഓഫീസര്‍മാരും സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വില്പന നികുതി തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടതിനേത്തുടര്‍ന്ന് ഡി.കെ രവി സംസ്ഥാനത്തെ പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളുടെ ഓഫീസ് പരിശോധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ എസ് ഗണേശ് ആരോപിച്ചു. ഇതുമായി രവിയുടെ ദുരൂഹമരണത്തിന് ബന്ധമുണ്ടെന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന്നു.
വാണിജ്യനികുതി അഡിഷണല്‍ കമ്മീണറായ രവിയെ തൂങ്ങിമരിച്ച നിലയില്‍ അദ്ദേഹത്തിന്റെ അപ്പാര്‍ട്ടുമെന്റില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ജനകീയനായ രവിയുടെ മരണം അസ്വാഭാവികമാണെന്നാരോപിച്ച് രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു.
