Crime News

ഭുവനേശ്വറിനെ കൊന്നത് കടുവയല്ല; കൊലപാതകമെന്ന് സംശയം

Posted on: 19 Mar 2015


പന്തല്ലൂര്‍: ചൊവ്വാഴ്ച വന്യജീവി കൊന്നെന്ന് സംശയിച്ച നെല്ലാക്കോട്ട േറാക്ക് വുഡ് എസ്റ്റേറ്റ് തൊഴിലാളി ഭുവനേശ്വറി (42) ന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ വന്യമൃഗത്തിന്റേതെന്ന് സംശയിക്കുന്ന ഒന്നും കണ്ടെത്താനായില്ല. സംഘട്ടനവും നടന്നിട്ടില്ല. കഴുത്തിലുള്ള മുറിവില്‍നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. മരണം വന്യമൃഗാക്രമണത്തില്‍ സംഭവിച്ചതാകാനിടയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് വ്യാഴാഴ്ച വരും.

ചൊവ്വാഴ്ച ഗൂഡല്ലൂരില്‍ പോയി നെല്ലാക്കോട്ടയില്‍ ബസ്സിറങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ഭുവനേശ്വര്‍ കൊല്ലപ്പെട്ടത്. കടുവയാണ് ഭുവനേശ്വറിനെ ആക്രമിച്ചതെന്നായിരുന്നു പ്രാഥമികനിഗമനം. ആക്രമിച്ചത് കടുവയാണെന്നാരോപിച്ച് കുപിതരായ ജനം മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റാന്‍ സമ്മതിക്കാത്തത് സംഘര്‍ഷത്തിന് ഇടയാക്കി.

കളക്ടര്‍ പി. ശങ്കറും എസ്.പി. ശെന്തില്‍കുമാറും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ബിദിര്‍ക്കാട് കടുവയുടെ ആക്രമണത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ കോടികളുടെ നഷ്ടമാണുണ്ടായത്. അതിനാല്‍ മുന്‍കരുതലെന്നോണമാണ് സന്നാഹം.
ബുധനാഴ്ച രാവിലെ കളക്ടറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരുമായും ചര്‍ച്ച നടത്തി. കൊല്ലപ്പെട്ട ഭുവനേശ്വറിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി മൂന്നുലക്ഷം രൂപ നല്‍കി. വീടും നല്‍കാന്‍ ധാരണയായി. എന്നാല്‍, ഭുവനേശ്വറിന്റെ മരണം കടുവയുടെ ആക്രമണം മൂലമല്ലെന്നാണ് ഫൊറന്‍സിക് വിഭാഗം പറയുന്നത്.

 

 




MathrubhumiMatrimonial