Crime News

ബ്രൗണ്‍ഷുഗറും കഞ്ചാവുമായി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Posted on: 19 Mar 2015


നെടുങ്കണ്ടം: ബ്രൗണ്‍ഷുഗറും കഞ്ചാവുമായി എത്തിയ വിദ്യാര്‍ഥികളെ ബോഡിമെട്ട് ചെക്കുപോസ്റ്റില്‍ എക്‌സൈസ്അധികൃതര്‍ പിടികൂടി. കണ്ണൂര്‍ ചൊവ്വ സ്വദേശികളായ ജയാനിവാസില്‍ ജിതിന്‍(21), ഷാരോണ്‍ഹൗസില്‍ ജെറോണ്‍ ക്രിസ്റ്റഫര്‍ സാമുവല്‍(22) എന്നിവരാണ് അറസ്റ്റിലായത്. 180 മില്ലീഗ്രാം ബ്രൗണ്‍ ഷുഗറും 850 ഗ്രാം കഞ്ചാവുമാണ് ഇവരില്‍നിന്ന് പിടികൂടിയത്. ബുധനാഴ്ച രാവിലെ 8.30 ഓടെ ബോഡിമെട്ട് ചെക്കുപോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍. 13 കെ 98 മാരുതി സെന്‍ കാറും കാറില്‍നിന്ന് 85,000 രൂപയോളം വിലവരുന്ന നിക്കോണ്‍ ക്യാമറയും വിലകൂടിയ മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു. കണ്ണൂരിലെ സ്വകാര്യകോളേജ് വിദ്യാര്‍ഥികളായ ഇരുവരും ലഹരിക്കടിമകളാണെന്നും സ്വന്തം ഉപയോഗത്തിനായി വാങ്ങി ക്കൊണ്ടുപോയവയാണ് ഇതെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിനുലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെക്കുപോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ്. ജിനീഷിന്റെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനയിലാണ് സംഘം കുടുങ്ങിയത്. മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം വിനോദയാത്രയ്ക്കുപോകുമ്പോള്‍ ഉപയോഗിക്കാനായി തമിഴ്‌നാട്ടിലെ ബോഡിയില്‍നിന്ന് വാങ്ങിയതാണ് കഞ്ചാവും ബ്രൗണ്‍ഷുഗറുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 

 




MathrubhumiMatrimonial