Crime News

കോടാലിയിലെ പോസ്റ്റുമാന്റെ മരണം കൊലപാതകം: പ്രതി വലയിലെന്ന് സൂചന

Posted on: 19 Mar 2015


കോടാലി: ബാറിനു മുന്നില്‍ പോസ്റ്റുമാന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതായും പ്രതി വലയിലായതായും സൂചന. പാഡി പോസ്റ്റോഫീസിലെ പോസ്റ്റുമാന്‍ തൃക്കാശ്ശേരി ജയരാമനെ (49) കോടാലിയിലെ ബാറിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ദുരൂഹതകള്‍ക്ക് ചുരുളഴിയുന്നത്. പ്രതിയെ കുറിച്ചും ക്രൈംബ്രാഞ്ചിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയെ അടുത്ത ദിവസം അറസ്റ്റു ചെയ്‌തേക്കും.

2014 മേയ് 26ന് രാവിലെയാണ് ജയരാമനെ ബാറിന് മുന്നില്‍ റോഡരികില്‍ പരിക്കുകളോടെ മരിച്ചു കിടക്കുന്നതായി കണ്ടത്. മദ്യപിച്ച് ലക്കുകെട്ട് റോഡരികില്‍ കിടന്ന ജയരാമനെ ഏതോ വാഹനമിടിച്ചതാകാം എന്നായിരുന്നു പോലീസിന്റെ നിഗമനം. തലേ രാത്രിയില്‍ ഒമ്പതരയോടെ, ബാറിനു മുന്നില്‍ കിടന്ന ജയരാമനെ ബാര്‍ ജീവനക്കാരും നാട്ടുകാരില്‍ ചിലരും ചേര്‍ന്ന് എടുത്തു കൊണ്ടുപോയി പുറത്ത് കിടത്തുന്നത് സി.സി.ടി.വി.ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍ മരിച്ച ജയരാമന്റെ കൈ പിന്നിലേക്ക് പിരിഞ്ഞിരിക്കുന്നതും തലയില്‍ കല്ലുകൊണ്ടോ മറ്റോ ഇടിച്ചപോലെ തകര്‍ന്നിരിക്കുന്നതും കണക്കിലെടുത്ത് ജയരാമനെ ആരെങ്കിലും കൊലപ്പെടുത്തിയതാകാമെന്ന സംശയവും ഉയര്‍ന്നിരുന്നു. വാഹനമിടിച്ചതിന്റെ വ്യക്തമായ തെളിവുകളൊന്നും സംഭവസ്ഥലത്ത് കണ്ടെത്താനുമായില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ബാറിലെ മുഴുവന്‍ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു. അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയും ഇതുവഴി കടന്നുപോയ നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തും പോലീസ് അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മരണത്തിലെ ദുരൂഹത നീക്കാന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പ്രത്യക്ഷ സമരം ആരംഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

 

 




MathrubhumiMatrimonial