Crime News

കേസൊന്നുമില്ല്‌ലാതെ വണ്ടി പിടിച്ചിട്ടത് രണ്ട് കൊല്ലം: പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Posted on: 18 Mar 2015


കൊച്ചി: മണല്‍ കടത്തിയെന്ന പേരില്‍ വാഹനം പിടിച്ചെടുക്കുകയും രണ്ട് കൊല്ലമായിട്ടും മേലധികാരിക്ക് റിപ്പോര്‍ട്ട് നല്‍കാതിരിക്കുകയും ചെയ്ത പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശം. വാഹനം വിട്ടുകിട്ടാന്‍ കീഴ് കോടതിയില്‍ കെട്ടിവെച്ച തുക ഉടമയ്ക്ക് തിരികെ നല്‍കാന്‍ ജസ്റ്റിസ് പി. ഉബൈദ് ഉത്തരവിട്ടു. കെട്ടിവെച്ച തുക തിരികെ കിട്ടാന്‍ വാഹനമുടമ കടയ്ക്കാവൂര്‍ സ്വദേശിനി ഷീലാറാണി സമര്‍പ്പിച്ച ഹര്‍ജിയിലാണിത്.
അനധികൃതമായി വാഹനം പിടിച്ചിട്ടതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജിക്കാരി നിയമ നടപടി ആരംഭിച്ചാല്‍ അതിന് മറുപടി നല്‍കാന്‍ എസ്.ഐ.ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
വാഹനം പിടിച്ചെടുത്ത വര്‍ക്കല എസ്.ഐ. ഇതുവരെയും എക്‌സിക്യൂട്ടീവ് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയോ കണ്ടുകെട്ടല്‍ നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഹര്‍ജിക്കാരിക്കു വേണ്ടി അഡ്വ. പി.എം. രാജഗോപാല്‍ വാദിച്ചത്. എസ്.ഐ. നിയമ വിരുദ്ധമായാണ് വാഹനം പിടിച്ചെടുത്ത് സ്റ്റേഷനിലിട്ടത്.
വാഹനം പിടിച്ചതിനെക്കുറിച്ച് മേലധികാരികള്‍ക്കോ കോടതിയിലോ റിപ്പോര്‍ട്ട് നല്‍കാത്തതിനെക്കുറിച്ച് പോലീസിന് വിശദീകരണമില്ലെന്ന് കോടതി വിലയിരുത്തി. മഴയും വെയിലും കൊണ്ട് വാഹനം കേടാകുമെന്ന് വിലയിരുത്തിയാണ് കീഴ് കോടതി അത് വിട്ടുകൊടുക്കാന്‍ നിര്‍ദേശിച്ചത്. അതിന് 96,000 രൂപ കെട്ടിവെയ്ക്കാനും നിര്‍ദേശിച്ചു.
വാഹനമുടമയ്‌ക്കോ ഡ്രൈവര്‍ക്കോ എതിരെ രണ്ട് കൊല്ലമായിട്ടും കേസൊന്നുമില്ല. അതിനാല്‍ വാഹനം ഉപാധിയൊന്നുമില്ലാതെ വിട്ടുകിട്ടാന്‍ ഹര്‍ജിക്കാരിക്ക് അവകാശമുണ്ടെന്ന് കണ്ടെത്തിയാണ് കോടതി അടച്ച തുക തിരികെ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

 

 




MathrubhumiMatrimonial