
തമിഴ്‌നാട്ടില്‍ നിന്ന് 6000 രൂപയ്ക്ക് വ്യാജ ലൈസന്‍സ്; രണ്ടുപേര്‍ പിടിയില്‍
Posted on: 18 Mar 2015
കോതമംഗലം: ആറായിരം രൂപയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാജ ഡ്രൈവിങ് ലൈസന്‍സ് സംഘടിപ്പിച്ച് നല്‍കുന്ന സംഘത്തിലെ രണ്ട് പ്രതികള്‍ പിടിയില്‍. ഇടുക്കി രാജാക്കാട് വെള്ളാപ്പിള്ളി ശശി രാഘവന്‍ (61), നേര്യമംഗലം കോളനി കാക്കനാട്ട് സാജു ജോസ് (28) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യ പ്രതി ശശി തമിഴ്‌നാട്ടിലെ ഒരു ഏജന്റ് മുഖേന ചെന്നൈ വെസ്റ്റ് ആര്‍.ടി. ഓഫീസിന്റെ പേരില്‍ ലൈസന്‍സ് എടുത്ത് സാജുവിന് നല്‍കി. സാജു കോതമംഗലം ആര്‍.ടി. ഓഫീസില്‍ 2013-ല്‍ ലൈസന്‍സ് അഡ്രസ് മാറ്റാന്‍ നല്‍കി. കോതമംഗലം ആര്‍.ടി. ഓഫീസ് അധികൃതര്‍ ചെന്നൈ ഓഫീസിലേക്ക് ലൈസന്‍സ് വിവരത്തിന് റിപ്പോര്‍ട്ട് അയച്ചു. ചെന്നൈ ആര്‍.ടി. ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് വ്യാജമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് കോതമംഗലം ആര്‍.ടി. ഓഫീസ് പോലീസിന് കേസ് കൈമാറി. സംഭവം പുറത്തായതോടെ പ്രതികള്‍ ഒളിവില്‍ പോയി. തമിഴ്‌നാട് കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മിച്ച് കേരളത്തില്‍ വിതരണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ ശശിയെന്ന് പോലീസ് പറഞ്ഞു. കേരളത്തില്‍ ഇത്തരത്തില്‍ വ്യാപകമായി ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്തതായി പോലീസ് സംശയിക്കുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
