Crime News

ഏലൂരില്‍ കേബിള്‍ മോഷണം ടെലിഫോണ്‍ നെറ്റ്‌വര്‍ക്ക് തകരാറില്‍

Posted on: 18 Mar 2015


ഏലൂര്‍: ബി.എസ്.എന്‍.എല്ലിന്റെ കേബിളുകള്‍ മോഷ്ടാക്കള്‍ മുറിച്ചുകൊണ്ട് പോയതിനെ തുടര്‍ന്ന് ഏലൂര്‍ നഗരസഭയുടെ വിവിധ സ്ഥലങ്ങളില്‍ ടെലിഫോണുകള്‍ നിശ്ചലമായി.നെറ്റ്‌വര്‍ക്ക് തടസ്സപ്പെട്ടു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫാക്ടിന്റെ പുതിയ ആനവാതിലിനടുത്താണ് കേബിളുകള്‍ മോഷ്ടാക്കള്‍ മുറിച്ചുകൊണ്ടുപോയത്. 400 പെയര്‍ കോപ്പര്‍ കേബിള്‍ 10 മീറ്ററോളം നീളത്തില്‍ രണ്ടെണ്ണവും 800 പെയര്‍ കോപ്പര്‍ കേബിള്‍ 10 മീറ്ററോളം നീളത്തില്‍ ഒരെണ്ണവുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

ഇതോടെ 1000 ത്തോളം ടെലിഫോണുകള്‍ നിശ്ചലമായി. ഫാക്ട്, എസ്.ബി.ടി. തുടങ്ങിയ സ്ഥാപനങ്ങളിലെയും മറ്റും നെറ്റ്‌വര്‍ക്ക് തകരാറിലായി. എസ്.ബി.ടി.യില്‍ ചൊവ്വാഴ്ച ഇടപാടുകളൊന്നും നടന്നില്ല. പണമിടപാടിനെത്തിയവരെ അടുത്ത ബ്രാഞ്ചിലേക്ക് അയച്ചതായി ബാങ്ക് മാനേജര്‍ പറഞ്ഞു.

ആനവാതിലിനടുത്ത് ഒരു ഡ്രെയ്‌നേജ് പൈപ്പിനടുത്താണ് ആഴമില്ലാതെയാണ് കേബിളുകള്‍ സ്ഥാപിച്ചിരുന്നത്. ബി.എസ്.എന്‍.എല്‍. അധികൃതര്‍ ഏലൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.പുതിയ കേബിള്‍ സ്ഥാപിക്കുന്ന പണി നാല് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥര്‍ പറയുന്നു.

 

 




MathrubhumiMatrimonial