Crime News

കുടിവെള്ളം ചോര്‍ത്തല്‍; 20 കുടുംബങ്ങളെ പിടികൂടി

Posted on: 18 Mar 2015


കുന്നംകുളം: ഒരുവശത്ത് കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ മറുവശത്ത് വെള്ളം ചോര്‍ത്തല്‍ ശക്തം. പാവറട്ടി പദ്ധതിയുടെ കുടിവെള്ളമാണ് പൊതുടാപ്പുകളില്‍നിന്ന് പൈപ്പുവലിച്ച് മോഷ്ടിക്കുന്നത്. വെള്ളം ചോര്‍ത്തിയ ഇരുപത് കുടുംബങ്ങളെ ജലഅതോറിട്ടി പിടികൂടി. പതിനായിരം രൂപവീതം പിഴ ചുമത്തിയപ്പോള്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടു.

പണം അടയ്ക്കുന്നതിലെ എതിര്‍പ്പാണ് മുന്നോട്ടുവെച്ചത്.കടവല്ലൂരിലെ തിപ്പിലശ്ശേരി, ആനക്കല്ല്, ഒറ്റപ്പിലാവ്, വട്ടമ്മാവ്, പെരുമ്പിലാവ് തുടങ്ങിയ പ്രദേശങ്ങളിലാണ് അസിസ്റ്റന്റ് എന്‍ജിനിയര്‍ സി.ഐ. ജോസിന്റെ നേതൃത്വത്തില്‍ റെയ്ഡിനിറങ്ങിയത്. ഹോസ് വലിച്ച് കിണറ്റിലേക്കിട്ടുപോലും ജലമൂറ്റുന്നു. ഇതോടെ ഉയര്‍ന്ന മേഖലകളിലേക്ക് വെള്ളം കിട്ടില്ല. വിതരണംനടത്തുന്ന സമയത്തും വെള്ളം കിട്ടുന്നില്ലെന്ന് പരാതി ഉയര്‍ന്നപ്പോഴാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്.

പറമ്പിലേക്ക് പൈപ്പു വലിച്ച് നനയ്ക്കുന്നവരെയും പ്രത്യേകം ടാങ്കുകള്‍ സ്ഥാപിച്ച് വെള്ളം നിറയ്ക്കുന്നവരെയും പിടികൂടി. കര്‍ശനമായ താക്കീതു നല്കി. ജലം വലിക്കാനുപയോഗിച്ച പൈപ്പുകളും ഉദ്യോഗസ്ഥര്‍ അഴിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയ വിവരം പരന്നതോടെ ജലമൂറ്റല്‍ നില്ക്കുകയും കടവല്ലൂരിന്റെ ഉയര്‍ന്ന സ്ഥലങ്ങളില്‍ വെള്ളമെത്തുകയും ചെയ്തു.

 

 




MathrubhumiMatrimonial