Crime News

യുവതിയെ പൊള്ളലേല്‍പ്പിച്ച സംഭവം: ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്‌

Posted on: 17 Mar 2015


കാഞ്ഞങ്ങാട്: യുവതിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേല്പിച്ച സംഭവത്തില്‍ ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ നീലേശ്വരം പോലീസ് വധശ്രമത്തിനു കേസെടുത്തു.

കാഞ്ഞങ്ങാട് കൂളിയാങ്കലിലെ നാസിയ(29) ആണ് ഗുരുതരമായി പൊള്ളലേറ്റ് ആസ്പത്രിയില്‍ കഴിയുന്നത്. ഇവരുടെ ഭര്‍ത്താവ് നീലേശ്വരം പേരോലിലെ ഫൈസല്‍, ഫൈസലിന്റെ ഉമ്മ ഫാത്തിമ, സഹോദരി നാദിറ എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.

അതേസമയം പ്രതികള്‍ ഒളിവിലാണെന്നും ഇവരെ കണ്ടെത്താനായി പോലീസ് കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ കെ.ഇ.പ്രേമചന്ദ്രന്‍ അറിയിച്ചു.

പൊള്ളലേറ്റ നാസിയയെ കാഞ്ഞങ്ങാട് സ്വകാര്യ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. തിങ്കളാഴ്ച ഇവരെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. 14 വര്‍ഷം മുമ്പാണ് നാസിയയുടെയും ഫൈസലിന്റെയും വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് മൂന്ന് ആണ്‍കുട്ടികളുണ്ട്. വിവാഹസമയത്ത് 60 പവന്‍ സ്ത്രീധനമായി നല്കിയെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്. എന്നിട്ടും സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവും വീട്ടുകാരും നാസിയയെ എപ്പോഴും ഉപദ്രവിക്കാറുണ്ടെന്നും നാസിയയുടെ വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. ഒന്നരമാസംമുമ്പ് കൈതല്ലിയൊടിച്ചു.

മുമ്പ് വലതുകാലും തല്ലിയൊടിച്ചതായി നാസിയ പരാതിപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചത്. വായില്‍ ആസിഡ് ഒഴിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും നാസിയയുടെ പരാതിയിലുണ്ട്. രാത്രി മുഴുവന്‍ വേദന സഹിക്കാതെ കരഞ്ഞു. പിറ്റേന്നാള്‍ വീട്ടില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. ഉടന്‍ സഹോദരന്‍ എത്തി ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും നാസിയ പോലീസിന് മൊഴിനല്കി. ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസന്‍, സ്ത്രീസുരക്ഷാ ഓഫീസര്‍ വി.സുലജ എന്നിവര്‍ ആസ്പത്രിയിലെത്തി യുവതിയെ സന്ദര്‍ശിച്ചു

 

 




MathrubhumiMatrimonial