Crime News

എസ്.ബി.ഐ. പണം നിക്ഷേപ കൗണ്ടറില്‍ കവര്‍ച്ചശ്രമം

Posted on: 17 Mar 2015


കാഞ്ഞങ്ങാട്: എസ്.ബി.ഐ. കാഞ്ഞങ്ങാട് ശാഖയ്ക്കുപുറത്തുള്ള പണംനിക്ഷേപ കൗണ്ടറില്‍ നടന്ന മോഷണശ്രമം സി.സി.ടി.വി. ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മുഖംമൂടിയ രണ്ടുപേരാണ് കൗണ്ടറിനുള്ളില്‍ എത്തിയത്. ഞായറാഴ്ച രാത്രി 12.30നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. നന്നായി വസ്ത്രം ധരിച്ച ഇവരില്‍ ഒരാള്‍ കമ്പിപ്പാരയെടുത്ത് ആദ്യം അകത്തുകടന്നു. പിന്നാലെ രണ്ടാമത്തെയാള്‍ ടോര്‍ച്ച് അടിച്ചുകൊടുത്തു. പാരകൊണ്ട് യന്ത്രത്തിന്റെ സ്‌ക്രീനും പുറംചട്ടയും തകര്‍ത്തു. അപ്പോഴാണ് അകത്തുള്ള സ്‌ട്രോങ് ലോക്ക് കാണുന്നത്. തുടര്‍ന്നാണ് ശ്രമം ഉപേക്ഷിച്ചത്. അഞ്ചുമിനുട്ട് മാത്രമാണ് ഇവര്‍ കൗണ്ടറിനകത്ത് ചെലവഴിച്ചതെന്നും വീഡിയോയില്‍ മനസ്സിലാകും.

കാഞ്ഞങ്ങാട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാഞ്ഞങ്ങാട് ശാഖയുടെ പുറത്തെ പണം നിക്ഷേപ കൗണ്ടറില്‍ കവര്‍ച്ചശ്രമം. കൗണ്ടറിനകത്ത് കടന്ന മോഷ്ടാക്കള്‍ കമ്പിപ്പാരകൊണ്ട് പണംനിക്ഷേപയന്ത്രം (ഡിപ്പോസിറ്റ് മെഷീന്‍) ഭാഗികമായി തകര്‍ത്തു. സ്‌ക്രീന്‍ ഉള്‍പ്പെടെ യന്ത്രത്തിന്റെ പുറംഭാഗം തകര്‍ത്തെങ്കിലും പണംവച്ച ബോക്‌സുകള്‍ തുറക്കാനായില്ല. ഈ ബോക്‌സുകള്‍ നമ്പര്‍ലോക്ക് ഉപയോഗിച്ചാണ് പൂട്ടിയിരിക്കുന്നത്. അക്കൗണ്ടന്റിന്റെയും കാഷ്യറുടെയും പക്കലുള്ള പാസ്‌വേര്‍ഡുകള്‍ ഒരുമിച്ച് അടിച്ചാല്‍മാത്രമേ നിക്ഷേപയന്ത്രത്തിനകത്തുള്ള പണപ്പെട്ടി തുറക്കാനാകൂ. ഏറെസമയം പണിപ്പെട്ടിട്ടും തുറക്കാനാകാത്തതിനാല്‍ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ശ്രമം മതിയാക്കാന്‍ ഒരുമോഷ്ടാവ് മറ്റേ മോഷ്ടാവിനോട് ആംഗ്യം കാട്ടുന്ന ദൃശ്യം സി.സി.ടി.വി. ക്യാമറയില്‍ വ്യക്തമാണ്.

കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍നിന്ന് കുന്നുമ്മലിലേക്കുള്ള റോഡിന്റെ വടക്കുഭാഗത്താണ് എസ്.ബി.ഐ. ശാഖ. മാസങ്ങള്‍ക്കുമുമ്പാണ് സ്ഥാപനത്തിനുപുറത്ത് മുന്‍വാതിലിനോടുചേര്‍ന്ന് പണംനിക്ഷേപ കൗണ്ടര്‍ സ്ഥാപിച്ചത്. തിങ്കളാഴ്ച രാവിലെ ബാങ്കില്‍ ജീവനക്കാരെത്തിയപ്പോഴാണ് കൗണ്ടറില്‍ കവര്‍ച്ചശ്രമം നടന്നതായി അറിയുന്നത്. ചീഫ് മാനോജര്‍ കെ.സി.പത്മനാഭന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസെത്തി അന്വേഷണം നടത്തി.









 

 




MathrubhumiMatrimonial