goodnews head

അപ്പുവിന് വീല്‍ചെയര്‍ കിട്ടി; ഇനി വേണ്ടത് വിദഗ്ധ ചികിത്സ

Posted on: 17 Mar 2015


മാതൃഭൂമി വാര്‍ത്ത തുണയായി
പുതിയ വീല്‍ചെയറില്‍ അപ്പു. സമീപം അമ്മ ഉഷ
ചെറുപുഴ: അപ്പുവിന് ഇനി വീല്‍ചെയറില്‍ നടു നിവര്‍ത്തി ഇരിക്കാം. തിങ്കളാഴ്ച ഉച്ചയോടെ പുത്തന്‍ വീല്‍ചെയറുമായി ചെറുകുന്നില്‍നിന്ന് ഒരുകുടുംബമെത്തി. നേരത്തെ ഉണ്ടായിരുന്ന വീല്‍ചെയറില്‍ ഞെരുങ്ങിയാണിരുന്നിരുന്നത്. പുത്തന്‍ വീല്‍ചെയര്‍ കണ്ടതോടെ അപ്പുവിനും ഉത്സാഹമായി. പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു കുടുംബമാണ് 'മാതൃഭൂമി' വാര്‍ത്ത കണ്ട് വീല്‍ചെയറുമായി എത്തിയത്. ഫോട്ടോ എടുക്കാനോ പേര് പുറത്തറിയിക്കാനോ ഇവര്‍ക്ക് താത്പര്യമില്ലായിരുന്നു. അപ്പുവിന് സ്‌നേഹസമ്മാനമായി വീല്‍ചെയര്‍ നല്കി സാന്ത്വനമേകി ഇവര്‍ പോയി.

അമ്മയുടെ ചുമലിലേറി സ്‌കൂളില്‍ പോവുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി അപ്പുവിന്റെ കഥ തിങ്കളാഴ്ചയാണ് 'മാതൃഭൂമി'യില്‍ പ്രസിദ്ധീകരിച്ചത്. വാര്‍ത്ത കണ്ട് നിരവധിപേര്‍ വിളിച്ച് സഹായം വാഗ്ദാനംചെയ്തു. പലരും വില്‍ചെയര്‍ നല്കാമെന്നറിയിച്ചു. പുതിയത് കിട്ടിയതില്‍ അപ്പു സന്തോഷവാനാണ്. മടക്കിവയ്ക്കാവുന്ന ഈ വീല്‍ചെയര്‍ അനുഗ്രഹമായെന്ന് അപ്പുവിന്റെ അമ്മ ഉഷ പറഞ്ഞു.

പ്രാപ്പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അപ്പു എന്ന അരുണ്‍പ്രകാശ്. പരീക്ഷയെഴുതാനായി അപ്പുവിനെ എടുത്ത് റോഡുവരെ നടക്കുന്ന അമ്മയുടെ കഥയും ചിത്രവുമാണ് സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തിയത്. മസ്‌കുലാര്‍ ഡിസ്‌ട്രോഫിയ എന്ന രോഗം ബാധിച്ച അപ്പുവിന് കൈക്കും തലയ്ക്കും മാത്രമാണ് ചലനശേഷിയുള്ളത്. ഏഴുവര്‍ഷമായി വീല്‍ചെയറില്‍ കഴിയുന്ന അപ്പുവിന് വിദഗ്ധ ചികിത്സ നല്കാന്‍ രോഗം തളര്‍ത്തിയ കൂലിപ്പണിക്കാരനായ പ്രകാശന് കഴിയുന്നില്ല. അപ്പുവിനെ ശുശ്രൂഷിക്കുന്ന അമ്മയ്ക്ക് പണിക്ക് പോകാനും കഴിയുന്നില്ല. സുമനസ്സുകള്‍ സഹായിച്ചാല്‍ അപ്പുവിന് വിദഗ്ധ ചികിത്സയും വീട്ടിലേയ്ക്ക് ഒരു റോഡുമെന്ന സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അപ്പുവിന്റെ കുടുംബം.
അപ്പുവിനെ സഹായിക്കാനാഗ്രഹിക്കുന്നവര്‍ക്ക് തിരുമേനി സ്റ്റേറ്റ് ബാങ്കിലെ 67085729141 എന്ന നമ്പറില്‍ പണമയക്കാം.
എസ്.ബി.ടി.ആര്‍. 0000554 എന്നതാണ് ബാങ്കിന്റെ കോഡ് നമ്പര്‍. ഫോണ്‍: 9526645516.






 

 




MathrubhumiMatrimonial