Crime News

മോഷ്ടിച്ച ചെക്കില്‍ കള്ളയൊപ്പിട്ട് 18.5 ലക്ഷം തട്ടിയവര്‍ അറസ്റ്റില്‍

Posted on: 17 Mar 2015



കോഴിക്കോട്: നഗരത്തിലെ ഭീമ ജ്വല്ലറിയില്‍നിന്നു മോഷ്ടിച്ച ബാങ്ക് ചെക്കില്‍ കള്ളയൊപ്പിട്ട് 18.5ലക്ഷംരൂപ തട്ടിയകേസില്‍ ജ്വല്ലറി മുന്‍ ജീവനക്കാരനുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. മുന്‍ ജീവനക്കാരനായ സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ കീച്ചേരിവീട്ടില്‍ വിഷ്ണു (25), സുഹൃത്തുക്കളായ ബത്തേരി കുപ്പാടി സ്വദേശികളായ പാലയില്‍വീട്ടില്‍ ജോമോന്‍ (18), കിടങ്ങില്‍വീട്ടില്‍ വിനേഷ് (21) എന്നിവരാണ് അറസ്റ്റിലായത്.

കാഴിക്കോട് റാംമോഹന്‍ റോഡിലെ ധനലക്ഷ്മി ബാങ്ക് ശാഖയില്‍നിന്നാണ് ചെക്ക് നല്‍കി പണം കൈപ്പറ്റിയത്. മാര്‍ച്ച് 13ന് രാവിലെ പത്തരയോടെ ജ്വല്ലറിയുടെ യൂണിഫോം ധരിച്ചെത്തിയാണ് തട്ടിപ്പുനടത്തിയത്. ബാങ്കില്‍നിന്ന് കൈപ്പറ്റിയ 18.5 ലക്ഷത്തില്‍ എട്ടുലക്ഷം രൂപ ചെലവിട്ട് രണ്ടുദിവസത്തിനകം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍, രണ്ടു സ്വര്‍ണമാല, രണ്ടു സ്വര്‍ണക്കമ്മല്‍, ലാപ് ടോപ്, ഡിജിറ്റല്‍ ക്യാമറ, മൂന്നു മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ ഇവര്‍ വാങ്ങി. കൊച്ചിയില്‍ ആര്‍ഭാടജീവിതംനയിക്കാന്‍ തുടങ്ങുന്നതിനിടെയാണ് മൂവരും അറസ്റ്റിലായത്. പ്രതികളില്‍നിന്ന് ചെലവിടാത്ത പത്തരലക്ഷംരൂപയും വാങ്ങിക്കൂട്ടിയ സാധനങ്ങളും പോലീസ് കണ്ടെടുത്തു.

വിഷ്ണു ഈവര്‍ഷം ജനവരിമുതല്‍ മാര്‍ച്ച് ആറുവരെ ഭീമ ജ്വല്ലറിയില്‍ അക്കൗണ്ടന്റായി ജോലിചെയ്തിരുന്നു. അനധികൃതമായി അവധിയെടുത്തതിന് ആറാംതീയതി ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഇതിനിടെ ജ്വല്ലറിയില്‍നിന്ന് ബാങ്ക് ചെക്ക് ബുക്ക് കൈവശപ്പെടുത്തിയിരുന്നു.

ജോലിയില്‍ പ്രവേശിക്കുമ്പോള്‍ നല്‍കിയ നിക്ഷേപത്തുക പിരിച്ചുവിട്ടപ്പോള്‍ ജ്വല്ലറി അധികൃതര്‍ ചെക്കായാണു നല്‍കിയത്. സുഹൃത്ത് ജോമോനോടൊപ്പം ഇതിലെ ഒപ്പിട്ടു പഠിച്ച് സാമ്യമുറപ്പാക്കിയശേഷമാണ് കള്ളഒപ്പിട്ടത്.

മാര്‍ച്ച് 13ന് വിഷ്ണുവും വിനേഷും ജ്വല്ലറി ജീവനക്കാരുടെ യൂണിഫോമില്‍ ബാങ്കിനുള്ളില്‍ കയറിയപ്പോള്‍, യഥാര്‍ഥജീവനക്കാരാരെങ്കിലും വരുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ ജോമോന്‍ പുറത്തുനിന്നു. പണമെടുത്തയുടന്‍ നഗരത്തിലെ ഹോട്ടലില്‍നിന്ന് ഭക്ഷണംകഴിച്ച് താമരശ്ശേരിക്കടുത്ത് പൂനൂരിലെ യൂസ്ഡ് കാര്‍ ഷോറൂമിലെത്തി നാലരലക്ഷംരൂപ നല്‍കി കാര്‍ വാങ്ങി. താമരശ്ശേരിയിലെത്തി പുതിയ കാറിന് അഡ്വാന്‍സ് നല്‍കി. തുടര്‍ന്ന്, ഗുരുവായൂര്‍, വടക്കുംനാഥക്ഷേത്രങ്ങള്‍വഴി എറണാകുളത്തെത്തി ലോഡ്ജില്‍ തങ്ങുമ്പോഴാണ് അറസ്റ്റിലായത്.

ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് അന്വേഷണത്തിനു സഹായിച്ചത്. കോഴിക്കോട് സൗത്ത് അസി. കമ്മീഷണര്‍ എ.ജെ.ബാബു, കസബ സി.ഐ. ബാബു പെരിങ്ങോത്ത് എന്നിവരുടെ നേതൃത്വത്തില്‍ കസബ എസ്.ഐ. ബി.കെ.സിജു, സ്‌ക്വാഡ് അംഗങ്ങളായ ശശിധരന്‍, മോഹന്‍ദാസ്, എം.ജയചന്ദ്രന്‍, എം.ജയന്ത്, മുരളി എന്നിവര്‍ ചേര്‍ന്നാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.

 

 




MathrubhumiMatrimonial