goodnews head

കിച്ചങ്കാനിയിലേക്ക് പുസ്തകങ്ങളുമായി സോമി

Posted on: 16 Mar 2015

കെ.പി. പ്രവിത




കൊച്ചി: വിദ്യാഭ്യാസം എന്നത് കിച്ചങ്കാനിക്ക് ആര്‍ഭാടമാണ്. പണക്കാരന് മാത്രം സാധ്യമായ ആര്‍ഭാടം. ഗ്രാമത്തില്‍ ആകെയുള്ളത് ഒരു പ്രൈമറി സ്‌കൂളാണ്. തുടര്‍ന്ന് പഠിക്കണമെങ്കില്‍ മണിക്കൂറുകള്‍ യാത്ര ചെയ്യണം. പുസ്തകങ്ങള്‍ക്കാകട്ടെ തൊട്ടാല്‍ പൊള്ളുന്ന വിലയും. കുടിക്കാന്‍ വെള്ളമില്ലാത്ത, വൈദ്യുതിയില്ലാത്ത, നല്ല റോഡുകളില്ലാത്ത ഒരു ആഫ്രിക്കന്‍ ഗ്രാമം എന്നത് കൂടി ചേര്‍ന്നാലേ കിച്ചങ്കാനിയുടെ വിശേഷണം പൂര്‍ണമാകൂ. ടാന്‍സാനിയയിലെ ഈ ചെറിയ ഗ്രാമത്തിലേക്ക് കൊച്ചിയില്‍ നിന്നൊരു കപ്പല്‍ ഈയാഴ്ച പുറപ്പെടും. ഒരു കൂട്ടം പുസ്തകങ്ങളുമായി.

ഗള്ളിവറിന്റെ യാത്രകളും ഈസോപ്പ് കഥകളും തുടങ്ങി ലോക ചരിത്രം വരെ ഇക്കൂട്ടത്തിലുണ്ട്. ഒരു മാസത്തിനകം പുസ്തകങ്ങള്‍ കിച്ചങ്കാനി ലൈബ്രറിയിലെത്തുമ്പോള്‍ ഏറെ ആഹ്ലാദിക്കുക ഒരു മലയാളിയാണ്. സോമി സോളമന്‍ എന്ന കൊല്ലം സ്വദേശിനി.

ഭര്‍ത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് സോമി കിച്ചങ്കാനിയിലേക്കെത്തുന്നത് 2012ല്‍. അറിവില്ലായ്മയില്‍ നിന്നുള്ള മുതലെടുപ്പ് അടുത്തറിഞ്ഞപ്പോള്‍ ഗ്രാമീണര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നായി. അറിവിനേക്കാള്‍ നല്ല ആയുധമില്ലെന്ന തിരിച്ചറിവില്‍ പഠനകേന്ദ്രമാണ് ആദ്യം മനസ്സിലേക്കെത്തിയത്. കിച്ചങ്കാനി ലൈബ്രറി എന്ന പേരില്‍ പുസ്തകം ക്ഷണിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന് കിട്ടിയ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്ന് സോമി പറയുന്നു.

കേരളത്തില്‍ നിന്നുള്‍പ്പെടെ 7,000 പുസ്തകങ്ങള്‍ ഇതിനകം സമാഹരിച്ചു. എന്നാല്‍, ലൈബ്രറി എന്ന ലക്ഷ്യത്തിലേക്ക് ഇനിയും കടമ്പകള്‍ ഏറെയുണ്ട്. പുസ്തക സമാഹരണം മാത്രമാണ് പൂര്‍ത്തിയായത്. കിച്ചങ്കാനി ഗ്രാമസഭ ലൈബ്രറിക്കായി രണ്ട് മുറികള്‍ നല്‍കിയിട്ടുണ്ട്. അനുയോജ്യമായ വിധത്തില്‍ ഇവ ഒരുക്കണം. കുടിവെള്ളത്തിന് കിണര്‍ കുഴിക്കല്‍, കമ്പ്യൂട്ടറും ടി.വി.യും പ്രവര്‍ത്തിപ്പിക്കാനും വെളിച്ചത്തിനുമായി സോളാര്‍ പാനല്‍ സ്ഥാപിക്കല്‍... പണികള്‍ ഒരുപാട് ശേഷിക്കുന്നു.

ലൈബ്രറിയുടെ ഭാഗമായി ഒരു ടെലിവിഷനും ഇന്റര്‍നെറ്റ് സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടറും ഒരുക്കും. കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലും മാതൃഭാഷയായ സ്വാഹിലിയിലും ശേഷി കൂട്ടുകയാണ് ലക്ഷ്യം. കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കും. കിച്ചങ്കാനിയുടെ സമീപഗ്രാമങ്ങളിലേക്കും ലൈബ്രറി സൗകര്യം വ്യാപിപ്പിക്കുമെന്ന് സോമി പറഞ്ഞു.

'വിചാരിച്ചതിലും മികച്ച പ്രതികരണമാണ് കിട്ടിയത്. ഇത്രയധികം പുസ്തകങ്ങള്‍ ലഭിക്കുമെന്ന് കരുതിയില്ല.' െകാച്ചിയില്‍ രണ്ട് ദിവസം കൊണ്ടാണ് പുസ്തകങ്ങള്‍ തരംതിരിച്ചത്. തേവര എസ്.എച്ച്. സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍, കൊച്ചി സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയായിരുന്നു ഇത്.

ഉബുണ്ടു റീഡ്‌സ് എന്ന പേരില്‍ ഒരു ലാഭരഹിത സംഘടന സോമി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ കീഴിലായിരിക്കും കിച്ചങ്കാനി ലൈബ്രറിയുടെ തുടര്‍പ്രവര്‍ത്തനം. ഈ മാസം അവസാനം സോമി ടാന്‍സാനിയയിലേക്ക് മടങ്ങും. കുമ്പളങ്ങി സ്വദേശിയായ ഭര്‍ത്താവ് വില്‍ക്കിന്‍സണ്‍ ജോര്‍ജ് ടാന്‍സാനിയയില്‍ ഹോട്ടല്‍ മാനേജരാണ്. ഒരു മകനുണ്ട്, രണ്ട് വയസ്സുകാരന്‍ പാച്ചു.


 

 




MathrubhumiMatrimonial