Crime News

ചന്ദ്രബോസ് കൊലക്കേസ്: നിഷാമിന്റെ രക്തം പരിശോധനക്കെടുത്തു

Posted on: 14 Mar 2015


തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ രക്തസാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് രക്തസാമ്പിളെടുത്തത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍വച്ചാണ് രക്തസാമ്പിള്‍ ശേഖരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് വിയ്യൂര്‍ ജയിലില്‍നിന്ന് നിഷാമിനെ ഇതിനായി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചത്. ഫൊറന്‍സിക് വിഭാഗത്തില്‍വച്ചാണ് പരിശോധനയ്ക്കുള്ള രക്ത സാമ്പിള്‍ ശേഖരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ എത്തിച്ച നിഷാമിനെ കാല്‍ മണിക്കൂറിനകം ജയിലിലേക്ക് തിരികെ കൊണ്ടുപോയി.

തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍നിന്നും ആവശ്യപ്പെട്ടതനുസരിച്ചാണ് നിഷാമിന്റെ രക്തം എടുത്തത്. ചന്ദ്രബോസിനെ ഇടിച്ച വാഹനത്തില്‍നിന്നുള്ള രക്തസാമ്പിളുകളും മറ്റും പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു. ഇതുമായി ഒത്തുനോക്കുന്നതിനായാണ് ഇപ്പോള്‍ രക്തസാമ്പിള്‍ ശേഖരിച്ചത്.

അന്വേഷണോദ്യോഗസ്ഥനായ പേരാമംഗലം സി.ഐ. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചത്.

 

 




MathrubhumiMatrimonial