goodnews head

പോളിയോക്കെതിരായ സന്ദേശവുമായി പോളിയോ ബാധിച്ച അരവിന്ദ്‌

Posted on: 14 Mar 2015


ശ്രീകണ്ഠപുരം: പോളിയോ ബാധിച്ച് തളര്‍ന്ന കാലുകള്‍ ബിഹാറുകാരനായ അരവിന്ദ് കുമാര്‍ മിശ്ര എന്ന 39കാരന്റെ ആത്മവിശ്വാസത്തെ തളര്‍ത്തിയില്ല. ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍നിന്ന് ആറുവര്‍ഷംമുമ്പ് ആരംഭിച്ച അരവിന്ദിന്റെ ഒറ്റയാള്‍ യാത്ര ദേശങ്ങള്‍ താണ്ടി വെള്ളിയാഴ്ച ശ്രീകണ്ഠപുരത്തെത്തി. കേരളത്തില്‍ മൂന്നു വ്യക്തികളെ നേരില്‍ കാണാനുള്ള ആഗ്രഹമാണ് അരവിന്ദിനുള്ളത്. ഗവര്‍ണര്‍ സദാശിവം മോഹന്‍ലാല്‍, മമ്മൂട്ടി.

പോളിയോ ബാധിച്ച് ബാല്യത്തില്‍ത്തന്നെ ഇരുകാലുകളും തളര്‍ന്ന അരവിന്ദ് തന്റെ ദുര്‍വിധി ആര്‍ക്കും ഉണ്ടാവരുതെന്ന സന്ദേശവുമായാണ് ഗ്രാമങ്ങളും നഗരങ്ങളും താണ്ടുന്നത്. ആദ്യം മുച്ചക്രസൈക്കിളിലായിരുന്നു യാത്ര. കാസര്‍കോട്ടെത്തിയപ്പോള്‍ അരവിന്ദിന്റെ യാത്രയെക്കുറിച്ചറിഞ്ഞ മന്ത്രി കെ.പി.മോഹനന്‍, സാമൂഹികനീതി വകുപ്പ് മുഖേന നല്കിയ ഇലക്ട്രിക് സ്‌കൂട്ടറിലാണ് ഇപ്പോള്‍ യാത്ര. സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ്‌ചെയ്യാന്‍ എല്ലായിടത്തും നാട്ടുകാരുടെ സഹായവുമുണ്ട്.

ഒഡിഷ, ആന്ധ്രപ്രദേശ്, ചത്തീസ്ഗഡ്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ യാത്രചെയ്താണ് അരവിന്ദ് കേരളത്തിലെത്തിയത്. കുട്ടികള്‍ക്ക് നിര്‍ബന്ധമായും പള്‍സ് പോളിയോ മരുന്ന് നല്കണമെന്ന ബാനര്‍ സ്‌കൂട്ടറിന്റെ പിന്നില്‍ പ്രദര്‍ശിപ്പിച്ചാണ് യാത്ര.
മലകള്‍ ഏറെയുള്ള ഇടുക്കിയും വയനാടുമൊഴികെ കേരളത്തിലെ മറ്റെല്ലാ ജില്ലകളും സന്ദര്‍ശിക്കും. കയ്യില്‍ അധികം പണമില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങളായി പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലായിരുന്നു ഭക്ഷണവും അന്തിയുറക്കവും.

 

 




MathrubhumiMatrimonial