goodnews head

ജയിലില്‍നിന്നിറങ്ങിയാല്‍ ഇവര്‍ക്ക് ജീവിതം വഴിമുട്ടില്ല

Posted on: 14 Mar 2015



പിലിക്കോട്: ചീമേനി തുറന്ന ജയിലില്‍നിന്ന് ആറു തടവുകാര്‍ പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെത്തി തെങ്ങുകയറ്റത്തില്‍ പരിശീലനം നേടി. അഞ്ചുദിവസം പരിശീലനം നേടിയതോടെ ആറുപേരും നല്ല തെങ്ങുകയറ്റക്കാരായി. തടവുകാര്‍ക്ക് സ്വയം തൊഴില്‍ പരിശീലിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തെങ്ങുകയറ്റപരിശീലനം നല്കിയത്.

ഡോ. ടി.സന്തോഷ്‌കുമാറിന്‍റെ നേതൃത്വത്തില്‍ മിഥുന്‍, ലത എന്നിവരാണ് പരിശീലനം നല്കിയത്. തെങ്ങുകയറ്റപരിശീലനം പൂര്‍ത്തിയാക്കിയ തടവുകാര്‍ക്ക് പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്തു. ജയില്‍ സുപ്രണ്ട് സന്തോഷ് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.എന്‍.സതീശന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ചീമേനി തുറന്ന ജയിലിലെ 168 തടവുകാരില്‍ 42 പേര്‍ക്ക് വിവിധ മേഖലകളിലായി സ്വയംതൊഴില്‍ പരിശീലനം നല്കിവരുന്നതായി ജയില്‍ സുപ്രണ്ട് സന്തോഷ് സുകുമാരന്‍ പറഞ്ഞു. 25 പേര്‍ക്ക് ഡ്രൈവിങ് പരിശീലനവും 10 പേര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കുന്നു. തടവുകാരുടെ ക്ഷേമപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 1,60,000 രൂപ ചെലവഴിക്കും.

കാര്‍ഷിക സര്‍വകലാശാല, സാങ്കേതികവകുപ്പ്, ആര്‍.ടി.ഒ. ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വര്‍ഷം 75 ദിവസം പരോള്‍ ലഭിക്കുന്നവര്‍ക്കാണ് പരിശീലനം ലഭിച്ചത്. പരോളിലും ശിക്ഷ കഴിഞ്ഞും നാട്ടിലെത്തുന്നവര്‍ക്ക് സ്വയംതൊഴിലെടുത്ത് ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

 




MathrubhumiMatrimonial