goodnews head

കാഞ്ഞങ്ങാട് കത്തിപ്പടര്‍ന്നില്ല; രക്ഷകനായത് മുരളീധരന്‍

Posted on: 13 Mar 2015



കാഞ്ഞങ്ങാട്: ഒരുഭാഗത്ത് സിലിന്‍ഡറില്‍നിന്ന് പാചകവാതകം ചോരുന്നു. മറുഭാഗത്ത് തീ ആളിപ്പടരുന്നു. നിമിഷങ്ങള്‍ക്കകം സിലിന്‍ഡര്‍ പൊട്ടിത്തെറിക്കുന്ന അവസ്ഥ. ഒരു സിലിന്‍ഡര്‍ പൊട്ടിയാല്‍ അവിടെ സൂക്ഷിച്ചിരുന്ന ഒന്നിലേറെ സിലിന്‍ഡറുകളും പൊട്ടിത്തെറിക്കും. തീ ആളിപ്പടരും. അത് പട്ടണത്തിലെ കെട്ടിടങ്ങളിലേക്ക് വ്യാപിക്കും. പിന്നീട് കാണേണ്ടിവരിക വന്‍ ദുരന്തമായിരിക്കും. എല്ലാം ഞൊടിയിടയില്‍ തീരുന്ന ഫയര്‍മാന്‍ സിനിമയിലെ ദൃശ്യം കാഞ്ഞങ്ങാട്ടുകാരുടെ മനസ്സില്‍ മിന്നിമറഞ്ഞു. പക്ഷേ, ആ ഭീതിതാവസ്ഥ ഉണ്ടായില്ല, മറ്റെല്ലാവരും ജീവനുംകൊണ്ട് പുറത്തേക്കോടിയപ്പോള്‍ ഒരാള്‍ ഓടിയത് തിരിച്ചാണ്. കത്തിപ്പടരുന്ന മുറിയിലേക്ക്. ഒട്ടുംവൈകാതെ ഗ്യാസ് ചോരുന്ന സിലിന്‍ഡറെടുത്ത് അയാള്‍ പുറത്തെത്തി. അത് തൊട്ടടുത്ത വിജനമായ പ്രദേശത്തെത്തിച്ചു. അപ്പോഴും ആ സിലിന്‍ഡറില്‍നിന്ന് വാതകം ശക്തമായി പുറത്തേക്ക് പ്രവഹിക്കുന്നുണ്ടായിരുന്നു. ഒരുനിമിഷം മതി സ്വന്തം ജീവന്‍ ഇല്ലാതാകാന്‍ എന്നറിഞ്ഞിട്ടും ഇത്തരമൊരു ധൈര്യം കാട്ടിയത് ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാരന്‍ മുരളീധരനായിരുന്നു.

സംഭവം നടന്നത് വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക്. കാഞ്ഞങ്ങാട് പട്ടണത്തിലെ ഫാമിലി ഹോട്ടലിലാണ് തീപടര്‍ന്നത്. പാചകക്കാരന്‍ സിലിന്‍ഡര്‍ മാറ്റിയിടാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം. 19 കിലോ വാതകം നിറച്ച വലിയ സിലിന്‍ഡറിന്റെ വാള്‍വ് ഊരിത്തെറിക്കുകയായിരുന്നു. ഇതോടെ ഗ്യാസ് പരക്കാന്‍ തുടങ്ങി. മറ്റൊരു ഗ്യാസടുപ്പില്‍ ദോശ ചുടുന്നുണ്ടായിരുന്നു. ഗ്യാസ് പരന്ന ഭാഗത്തേക്ക് അതില്‍നിന്ന് തീ പടര്‍ന്നു. പാചകക്കാരുടെ സെല്‍ഫോണും പണവും മുറിയിലുണ്ടായിരുന്ന പാത്രങ്ങളും തീ വിഴുങ്ങി. ഇതോടെ മുഴുവന്‍ ജോലിക്കാരും ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും പുറത്തേക്കോടി. ബഹളം കേട്ട് സമീത്തെ ഇന്ത്യന്‍ കോഫീ ഹൗസിലെ മാനേജര്‍ ജയചന്ദ്രനും മറ്റു ജീവനക്കാരും ഓടിയെത്തി. എല്ലാവരും പകച്ചുനില്‍ക്കെയാണ് ജീവനക്കാര്‍ക്കിടയില്‍നിന്ന് മുരളീധരന്‍ ഹോട്ടലിന്റെ അടുക്കളയിലേക്ക് ഓടിയത്. ഹോട്ടലിന്റെ ഹാളിലൂടെ അടുക്കളമുറിയിലെത്തി രണ്ടും കല്പിച്ച് ഗ്യാസ് സിലിന്‍ഡര്‍ എടുത്ത് പുറത്തെത്തുകയായിരുന്നു. അപ്പോഴേക്കും അഗ്നിശമനസേനയെത്തി. കെ.എ.മനോജ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സേന സിലിന്‍ഡറിന്റെ ചോര്‍ച്ച തടഞ്ഞു.
മുരളീധരന്റെ അസാമാന്യധൈര്യത്തെ പ്രശംസിക്കാനും അഗ്നിശമനസേനക്കാര്‍ മറന്നില്ല. തളിപ്പറമ്പ് ബക്കളത്തിനടുത്ത് ഞാത്തില്‍ സ്വദേശിയാണ് മുരളീധരന്‍. ഭാര്യ രൂഷ്മ. രണ്ടുമക്കളുണ്ട്.

 

 




MathrubhumiMatrimonial