goodnews head

1608 ഡയാലിസിസും പിന്നിട്ട് ഷാജി

Posted on: 12 Mar 2015

എം.അനില്‍ കുമാര്‍



തിരുവനന്തപുരം: 13 വര്‍ഷത്തിനിടെ 1608 ഡയാലിസിസുകള്‍. വെള്ളിയാഴ്ച അടുത്ത ഡയാലിസിസ് ചെയ്യണം. പുല്ലുവിള സ്വദേശിയായ ഷാജിക്കിത് ജീവിതത്തോടുള്ള പടപൊരുതലാണ്. ഈ ലോക വൃക്കദിനത്തില്‍ രോഗത്തെ ഭയക്കാതെ ചിട്ടയായ ദിനചര്യകളോടെ പ്രതിരോധിക്കുകയെന്ന സന്ദേശമാണ് ഈ അമ്പത്തേഴുകാരന് നല്‍കാനുള്ളത്.

മത്സ്യത്തൊഴിലാളിഗ്രാമമായ വിഴിഞ്ഞത്തിന് സമീപം പുല്ലുവിളയില്‍ സെലിന്‍ നിവാസില്‍ പരേതനായ ജൂസ മൊറായിസിന്റെയും സെലിന്റെയും മകനായ ഷാജിക്ക് 2001-ലാണ് വൃക്കരോഗമുള്ളതായി കണ്ടെത്തിയത്. ഇരു വൃക്കകളും തകരാറിലായ ഇദ്ദേഹം, അന്നുമുതല്‍ ഡയാലിസിസിന് വിധേയനാകുകയാണ്. ആഴ്ചയില്‍ മൂന്നുപ്രാവശ്യം ഡയാലിസിസ് ചെയ്യണം.

വര്‍ഷത്തില്‍ 104 ഡയാലിസിസുകള്‍ എന്ന ക്രമത്തില്‍ ഇതുവരെയായി 1608 ഡയാലിസിസുകള്‍ക്ക് ഷാജി വിധേയനായി. ഈ വെള്ളിയാഴ്ച ഡയാലിസിസ് ചെയ്യുമ്പോള്‍ 1609 പൂര്‍ത്തിയാകും.

അഞ്ച് വര്‍ഷത്തിലധികമായി ഡയാലിസിസിന് വിധേയമാകുന്നത് അപൂര്‍വമാണ്. വൃക്കകള്‍ മാറ്റിവെയ്ക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ തീരുമാനമെടുത്തെങ്കിലും അതിനുള്ള ആരോഗ്യസ്ഥിതി ഇല്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

ഭാര്യ ആനി പതിനൊന്ന് വര്‍ഷം മുമ്പ് മരിച്ചു. ഇവര്‍ക്ക് കുട്ടികളില്ല. മരിയനാട് ഹൗസിങ് സഹകരണ ബാങ്കിലെ പെയ്ഡ് സെക്രട്ടറിയായിരുന്ന ഷാജി, രോഗം കലശലായതോടെ ജോലിയും ഉപേക്ഷിച്ചു. പിന്നെ അമ്മയ്‌ക്കൊപ്പമായി താമസം. ബ്ലോേക്കാഫീസില്‍ വെല്‍ഫെയര്‍ ഓഫീസറായി വിരമിച്ച ഇവരുടെ വരുമാനംകൊണ്ടായിരുന്നു ചെലവുകള്‍ നോക്കിയിരുന്നത്.

ഒരുവര്‍ഷം മുമ്പ് അമ്മയെ പിടിച്ച് നടക്കുന്നതിനിടെ ഇരുവരും വീണു. ഈ വീഴ്ചയില്‍ ഷാജിയുടെ ഇടുപ്പെല്ലിനും വാരിയെല്ലിനും സാരമായി പരിക്കേറ്റു. ഈ അപകടത്തോടെ അമ്മ സഹോദരിക്കൊപ്പം താമസം മാറ്റി. ഒറ്റയ്ക്കായ ഇദ്ദേഹം ആകെയുണ്ടായിരുന്ന പത്ത് സെന്റ് സ്ഥലവും വീടും വിറ്റ് കിട്ടിയ പണം ബാങ്കിലിട്ട് ശ്രീകാര്യം കരിയം ഇടവക്കോടുള്ള ഈവന്റ്‌ടൈഡ് ഹോമിലേക്ക് താമസം മാറ്റി. നാലുലക്ഷം രൂപ ഹോമിന് സ്ഥിരനിക്ഷേപമായി നല്‍കി. പ്രതിമാസം 7500 രൂപ ഭക്ഷണത്തിനായി നല്‍കണം. ഡയാലിസിസിനും മരുന്നിനും മറ്റുമായി മാസം പതിനായിരത്തിലേറെ രൂപ വേറെ ചെലവാകും.

ഡയാലിസിസിനും മരുന്നിനുമായി ചെലവേറിയതോടെ സമ്പാദ്യവും തീര്‍ന്നുതുടങ്ങി. ഇനി കുറച്ച് മാസംകൂടി ചെലവഴിക്കാനുള്ള സാമ്പത്തികഭദ്രതയേ ഷാജിക്കുള്ളൂ. പ്രായാധിക്യം കാരണവും തുടര്‍ച്ചയായുള്ള ഡയാലിസിസ് കാരണവുമുള്ള മറ്റ് രോഗങ്ങളും ഉണ്ട്. സഹായങ്ങള്‍ ഐ.എന്‍.ജി. വൈശ്യ ബാങ്കിന്റെ പൂവാര്‍ ശാഖയിലെ എസ്.ബി. അക്കൗണ്ടായ 515010077638 എന്ന നമ്പരില്‍ എത്തിക്കാം. ഐ.എഫ്.എസ്. കോഡ്. vysa0005150.

 

 




MathrubhumiMatrimonial