goodnews head

വൃക്കദാതാക്കളില്‍ ഹൃദയവിശാലത സ്ത്രീകള്‍ക്ക്‌

Posted on: 12 Mar 2015



ബെംഗളൂരു: അവയവദാനത്തിന്റെ മഹത്തായ സന്ദേശം ഉള്‍ക്കൊള്ളുന്നവരില്‍ സ്ത്രീകള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. വൃക്കദാനത്തിലൂടെ മറ്റൊരാള്‍ക്ക് പുതുജീവന്‍ ലഭിക്കുമ്പോള്‍ ഒരു കുടുംബം കൂടിയാണ് രക്ഷപ്പെടുന്നതെന്ന തിരിച്ചറിവ് കൂടുതലുള്ളതും സ്ത്രീകള്‍ക്കാണ്. ബെംഗളൂരുവിലെ നാരായണ ഹെല്‍ത്ത് സിറ്റിയിലെ നെഫ്രോളജി വിഭാഗമാണ് വൃക്ക ദാനം ചെയ്യുന്നവരില്‍ സ്ത്രീകള്‍ മുന്നിലാണെന്ന് വ്യക്തമാക്കിയത്. ലോകവനിതാദിനത്തിന്റെ ഭാഗമായി നാരായണ ഹെല്‍ത്ത് സിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ അവയവദാനത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ സ്ത്രീകളെ ആദരിച്ചു. നാരായണ ഹെല്‍ത്ത് സിറ്റിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വൃക്ക ദാനംചെയ്ത കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള അഞ്ച് സ്ത്രീകളെയാണ് ആദരിച്ചത്.

ഭര്‍ത്താവിനും സഹോദരങ്ങള്‍ക്കുമായാണ് വൃക്ക ദാനംചെയ്തത്. വൃക്ക ദാനംചെയ്യുന്നതുമൂലം യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവില്ലെന്ന് സമൂഹത്തോട് വിളിച്ചുപറയുകയെന്ന ലക്ഷ്യവും ചടങ്ങിനുണ്ടായിരുന്നു. അവയവദാനത്തിനായി എല്ലാവരും മുന്നോട്ടുവരണമെന്നും നാരായണ ഹെല്‍ത്ത് സിറ്റിയില്‍ വൃക്ക ദാനംചെയ്തവരില്‍ 65 ശതമാനവും സ്ത്രീകളാണെന്നും നെഫ്രോളജി കണ്‍സള്‍ട്ടന്റും വകുപ്പ് മേധാവിയുമായ ഡോ. ലോയഡ് വിന്‍സന്റ് പറഞ്ഞു. വൃക്കദാതാക്കളില്‍ സ്ത്രീകളാണ് മുന്നിലെങ്കില്‍ സ്വീകരിക്കുന്നവരില്‍ മുന്നില്‍നില്‍ക്കുന്നത് പുരുഷന്മാരാണ്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയകളില്‍ 70 ശതമാനവും പുരുഷന്മാരാണ്. ഭര്‍ത്താവിന് വൃക്ക നല്‍കുന്നവരില്‍ 87 ശതമാനവും ഭാര്യമാരാണ്.

വൃക്കദാതാക്കളില്‍ സ്ത്രീകള്‍ മുന്നിട്ടുനില്‍ക്കുന്നതിന് സാമൂഹിക, സാമ്പത്തിക കാരണങ്ങളുണ്ടെന്ന് ഡോ. ലോയഡ് വിന്‍സന്റ് പറഞ്ഞു. കുടുംബത്തിലെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് പുരുഷന്മാരായിരിക്കും. ചില സാമൂഹിക ഘടകങ്ങളും വൃക്കദാനത്തിന് സ്ത്രീകളെ പ്രേരിപ്പിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള കണക്കുകളും വൃക്കദാതാക്കളില്‍ സ്ത്രീകള്‍ തന്നെയാണ് മുന്നിലെന്നാണ് വ്യക്തമാക്കുന്നത്. മുംബൈയില്‍ സ്ത്രീകളായ ദാതാക്കള്‍ 75 മുതല്‍ 80 ശതമാനം വരെയാണ്. കേരളത്തില്‍ വൃക്കദാതാക്കളില്‍ 74 ശതമാനവും സ്ത്രീകളാണ്. എന്നാല്‍, വൃക്ക സ്വീകരിക്കുന്നവരില്‍ 76 ശതമാനവും പുരുഷന്മാരാണ്. കേരളത്തില്‍ അവയവദാന ബോധവത്കരണത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും ഡോ. ലോയഡ് വിന്‍സന്റ് പറഞ്ഞു. വൃക്ക ദാനംചെയ്യുന്നത് കാരണം ദാതാക്കളില്‍ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

എന്നാല്‍, വൃക്കരോഗികള്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് വൃക്കദാതാവായ ഭവ്യറാണി പറഞ്ഞു. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞാല്‍ ആദ്യത്തെ മൂന്നുമാസം മരുന്നിന് 10000 രൂപ മുതല്‍ 15000 രൂപവരെ വേണം. ഇതിനുശേഷം ഓരോ മാസവും മരുന്നിനായി 5000 രൂപവേണം. ശസ്ത്രക്രിയയ്ക്കായി മൂന്നര ലക്ഷത്തോളം രൂപയും ചെലവാകും. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ധനസഹായം ആവശ്യമാണെന്ന് ആദരിക്കല്‍ ചടങ്ങിലെത്തിയവര്‍ ആവശ്യപ്പെട്ടു. ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ വൃക്കരോഗികള്‍ക്ക് മരുന്നിന് ധനസഹായം നല്‍കുന്നുണ്ട്. ഈ മാതൃക കര്‍ണാടക സര്‍ക്കാറും സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കുറഞ്ഞനിരക്കില്‍ മരുന്ന് ലഭിക്കുന്ന ജനറിക് മെഡിക്കല്‍ ഷോപ്പില്‍ വൃക്കരോഗികള്‍ക്കുള്ള മരുന്നും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചാല്‍ വലിയൊരു ആശ്വാസമാകുമെന്നും ചൂണ്ടിക്കാട്ടി.

 

 




MathrubhumiMatrimonial