
സെസ്സില്‍ ഇന്റര്‍വ്യൂവിന് പോയ നവ വധുവിനെ കാണാതായതില്‍ ദുരൂഹത
Posted on: 12 Mar 2015

പോലീസ് അന്വേഷണത്തില്‍ ജിസില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കുകയോ സെസ്സിനുള്ളില്‍ പ്രവേശിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായ ഇവിടെ നിന്ന് ഒരാളെ ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോകാനുള്ള സാധ്യത വിരളമാണെന്നും പോലീസ് പറയുന്നു. യുവതിയുടെ മൂന്ന് ഫോണ്‍ നമ്പരുകളും ഓഫ് ചെയ്ത നിലയിലാണ്. ഇതിലെ ഫോണ്‍ നമ്പരുകളും കോള്‍ ലിസ്റ്റുകളും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.
ഒന്നര മാസം മുമ്പ് വിവാഹിതയായ ജിസില്‍ ഭര്‍ത്താവുമൊത്ത് കാക്കനാട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് പ്രത്യേക സാമ്പത്തിക മേഖലയിലെ കവാടത്തില്‍ ഇറക്കിവിട്ട ശേഷമാണ് ഭര്‍ത്താവ് ജോബ് തിരികെ പോന്നത്. കുറച്ച് സമയം കഴിഞ്ഞ് താന്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. വൈകുന്നേരമായിട്ടും ജിസില്‍ തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് ജിസിലിന്റെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതായ അന്ന് തന്നെ താന്‍ വൈകുന്നേരം വരെയും ജിസിലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണ്‍ ഓഫായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
അതിനിടെ ഭര്‍ത്താവും അടുത്ത ബന്ധുക്കളും തിരച്ചിലിനായി സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകളും തേടി. ജിസിലിന്റെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ ഫേസ്ബുക്കും വാട്‌സ് ആപ്പും വഴിയും ഇവര്‍ പ്രചരിപ്പിച്ചിട്ടുണ്ട്. കാക്കനാട് വ്യവസായ മേഖലയുടെ പരിസരത്ത് ജിസിലിന്റെ ലുക്ക് ഔട്ട് നോട്ടീസുകളും പതിച്ചിട്ടുണ്ട്.
